മോഹന്‍ ഭാഗവതിനേക്കാള്‍ വലിയ ആര്‍.എസ്.എസുകാരനാണ് താനെന്ന മട്ടിലാണ് കേരള ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പെരുമാറി കൊണ്ടിരിക്കുന്നത്. കാലിക്കറ്റ് – കേരള സര്‍വ്വകലാശാലകളിലെ സെനറ്റുകളിലേക്ക് സംഘപരിവാറുകാരെ കുത്തി നിറച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവി അജണ്ട നടപ്പാക്കാനാണ് ശ്രമം. ഈ നീക്കത്തെ ചെറുക്കാന്‍ പ്രതിഷേധകൊടിയുമായി രംഗത്തിറങ്ങിയ എസ്.എഫ്.ഐക്കാര്‍ക്കു നേരെ തെരുവുഗുണ്ടയെ പോലെ ചീറിയടുത്ത ഗവര്‍ണ്ണര്‍ ആ പദവിയുടെ അന്തസ്സാണ് കെടുത്തിയിരിക്കുന്നത്. ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ക്കെതിരെ ഇനിയും കരിങ്കൊടി പ്രകടനം നടത്തുമെന്നും ഗവര്‍ണറെ ഒരു സര്‍വകലാശാലയിലും കാലുകുത്താന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തനിക്കെതിരെ പ്രതിഷേധമുയര്‍ത്തിയാല്‍ ഇനിയും താന്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പ്രതികരിക്കുമെന്ന് ഗവര്‍ണ്ണറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു വിഭാഗവും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. എന്താണ് കേരളമെന്നോ, കേരളത്തിലെ എസ്.എഫ്.ഐയുടെ ചരിത്രം എന്താണെന്നോ അറിയാതെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. എട്ടു പാര്‍ട്ടികള്‍ മാറിയ രാഷ്ട്രീയ ചരിത്രംമാത്രമാണ് ആരിഫ് മുഹമ്മദ് ഖാന് അവകാശപ്പെടാനുള്ളത്.
അധികാരത്തിനു വേണ്ടി ആര്‍ത്തിപ്പിടിച്ച് പാര്‍ട്ടികള്‍ ഒന്നൊന്നായി മാറിയും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചും വളര്‍ന്ന ആ തലയെടുപ്പല്ല കാമ്പസുകളെയും തെരുവുകളെയും പോര്‍നിലമാക്കി പൊരുതി മുന്നേറിയ എസ്.എഫ്.ഐക്കുള്ളതെന്നത് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ സ്വീകരിച്ച യു.ഡി.എഫ് സര്‍ക്കാറുകളെ കൊണ്ടു തന്നെ ആ തീരുമാനം പിന്‍വലിപ്പിച്ച ചരിത്രവും എസ്.എഫ്.ഐക്ക് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ യൂണിയനുകളും ബഹുഭൂരിപക്ഷം കാമ്പസുകളും ഇന്നും ഭരിക്കുന്നതും. എസ്.എഫ്‌ഐയാണ്.
അതു കൊണ്ടു തന്നെ, കേരളത്തിലെ കാമ്പസുകളില്‍ ചാന്‍സലറെ കയറ്റില്ലന്ന് എസ്.എഫ്.ഐ തീരുമാനിച്ചാല്‍ അതു തന്നെയാണ് നടപ്പാകുക. ഇനി തന്റെ ശൗര്യം കാണിക്കാന്‍ കേന്ദ്ര സേനയെ ഇറക്കി സാഹസത്തിനു ഗവര്‍ണ്ണര്‍ മുതിര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതവും ഗുരുതരമായിരിക്കും. വിദ്യാര്‍ത്ഥികളെ വെടിവെച്ചും അടിച്ചമര്‍ത്തിയും മുന്നോട്ടു പോകാന്‍ ഇവിടെ ഹിറ്റ്‌ലര്‍ ഭരണമല്ല നടക്കുന്നതെന്നതും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ത്തു കൊള്ളണം.
ഗവര്‍ണ്ണര്‍ കാലാവധി കഴിയാനിരിക്കെ മെച്ചപ്പെട്ട പദവി നിലനിര്‍ത്താന്‍ സംഘപരിവാറിനെ പ്രീതിപ്പെടുത്തേണ്ടത് തീര്‍ച്ചയായും ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യമായിരിക്കും. എന്നാല്‍, അതിനു വേണ്ടി എസ്.എഫ്.ഐക്കാര്‍ക്കുമേല്‍ കുതിരകയറാന്‍ വന്നാല്‍ മറ്റൊരു സംസ്ഥാനത്തും ലഭിക്കാത്ത ‘അനുഭവമായിരിക്കും’ ഇവിടെ നിന്നും നേരിടേണ്ടി വരിക. എസ്.എഫ്.ഐയെ അറിയുന്ന പരിവാറുകാര്‍ക്കു പോലും അക്കാര്യത്തില്‍ സംശയം ഉണ്ടാകുമെന്നു തോന്നുന്നില്ല.
വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കാതെ ഗവര്‍ണ്ണറുടെ അന്തസ്സിനു അനുസരിച്ച് പെരുമാറാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ സമാധാന അന്തരീക്ഷം നിലനില്‍ക്കുകയൊള്ളു. ഗവര്‍ണ്ണര്‍ക്കെതിരെ സമാധാനപരമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അതാകട്ടെ മുന്‍കൂട്ടി പ്രഖ്യാപിച്ചുമാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് ഷൂ എറിഞ്ഞതു പോലെ ഒരു പ്രകോപനവും എസ് എഫ് ഐ പ്രതിഷേധത്തില്‍ ഉണ്ടായിട്ടില്ല. ദൃശ്യങ്ങളില്‍ തന്നെ അത് വ്യക്തവുമാണ്. എന്നാല്‍, ഗവര്‍ണ്ണര്‍ എടുത്ത സമീപനമാകട്ടെ തീര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്നതുമാണ്.
താന്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐക്കാര്‍ക്കു നേരെ ഗവര്‍ണ്ണര്‍ തെരുവുഗുണ്ടയെ പോലെ ചീറിയടുത്തിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് അസാധാരണമായ കാഴ്ച തന്നെയായിരുന്നു അത്. അതുകൊണ്ടാണ് ഗവര്‍ണര്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രിമാര്‍ക്കു പോലും പറയേണ്ടി വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞതു പോലെ കാമ്പസിലെ കാവിവത്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ ചെയ്യുന്നത്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ബാധ്യതയുള്ള ഇവിടത്തെ യു.ഡി.എഫ് നേതാക്കള്‍ പോലും ഗവര്‍ണ്ണര്‍ക്ക് കുട പിടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിലാണ് പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ പൊള്ളിയിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ഗവര്‍ണര്‍ പുറത്തിറങ്ങാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതെ പ്രകോപനം സൃഷ്ടിച്ചത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് എന്നു തന്നെയാണ് ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥരും കരുതുന്നത്. സര്‍വകലാശാലകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആര്‍എസ്എസ് ഓഫീസില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് ഏകപക്ഷീയമായി വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യുന്ന സമീപനം ചാന്‍സലര്‍ സ്വീകരിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
എല്ലാതരത്തിലുള്ള മാനദണ്ഡവും ലംഘിക്കപ്പെട്ടു എന്നത് തെളിവു സഹിതമാണ് എസ്.എഫ്.ഐ നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എ.ബി.വി.പി നേതാക്കളെ ഉള്‍പ്പെടെയാണ് കാലിക്കറ്റ് – കേരള സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. സര്‍വ്വകലാശാലകള്‍ നല്‍കിയ ലിസ്റ്റുകള്‍ അട്ടിമറിച്ചാണ് ഈ നിയമനം. 4 വിദ്യാര്‍ഥികളെയാണ് കേരള സര്‍കവകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടിയിരുന്നത്. സയന്‍സ്, ഹ്യൂമാനിറ്റീസ്, ആര്‍ട്സ്, സ്പോര്‍ട്ട്സ് എന്നീ വിഭാഗത്തില്‍ നിന്നാണിത്. ഇതില്‍ കേരള സര്‍കവകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എംഎ വിദ്യാര്‍ഥിയുമാണ്.
ഇത്തരത്തില്‍ ബിഎ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ലൂ എന്നിവയില്‍ ഒന്നാം റാങ്കുകാരെയാണ് സര്‍വകലാശാലകള്‍ പരിഗണിച്ചിരുന്നത്. ഫൈന്‍ ആര്‍ട്സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്പോര്‍ട്സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയും കേരള സര്‍വകലാശാല നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് ഈ സ്ഥാനങ്ങളില്‍ എബിവിപി നേതാക്കളെയാണ് ചാന്‍സലര്‍ നിശ്ചയിച്ചിരുന്നത്. ചാൻസലർ നോമിനേറ്റ് ചെയ്ത എബിവിപി നേതാക്കളുടെ അക്കാദമിക്ക് പ്രാവീണ്യം മനസിലാക്കണമെങ്കിൽ പോലും പരീക്ഷാ ഫലം വരേണ്ടതുണ്ട്.
ഇതില്‍ ഒരാളുടെ റിസള്‍ട്ട് ഇതുവരെ വന്നിട്ടില്ല. രണ്ടാമത്തെ ആള്‍ക്ക് ബി ഗ്രേഡും സി ഗ്രേഡുമാണ് ഉള്ളത്. മറ്റൊരാള്‍ക്ക് കലാമേഖലയുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ പങ്കെടുത്ത യോഗ്യതയാണ് ഉള്ളത്. സ്‌പോര്‍ട്‌സില്‍ ബോഡി ബിള്‍ഡര്‍ ആണ് ഗവര്‍ണറുടെ മറ്റൊരു യോഗ്യതയെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇത്തരത്തില്‍ ചാന്‍സലര്‍ നടത്തിയ നോമിനേഷൻ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന കൃത്യമായ ചോദ്യമാണ് എസ്.എഫ്.ഐ ഉയർത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊാലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഎംഎസ് നേതാവിന്റെ ഭാര്യയെ പോലും ഗവര്‍ണറുടെ പ്രതിനിധിയായി സെനനറ്റിലേക്ക് നോമനിനേറ്റ് ചെയ്തതും ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 18 പേരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. അതില്‍ 2 പേർ ഒഴികെ മറ്റെല്ലാവരേയും ചാന്‍സലർ പദവി വഹിക്കുന്ന ഗവർണ്ണറാണ് ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് എസ്.എഫ്.ഐ സമരം പ്രഖ്യാപിച്ചിരിക്കുന്നന്നത്.
കരിങ്കൊടി പ്രതിഷേധം ഇതില്‍ ഒന്നു മാത്രമാണ്. അടുത്ത ഘട്ടം എന്നത് കാമ്പസുകളിലെ ഉപരോധമാണ്. ഒരു കാമ്പസിലും ഗവര്‍ണ്ണറെ കാലുകുത്തിക്കില്ലന്ന പ്രഖ്യാപനമാണിത്. ഇതോടെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണ്ണര്‍ക്ക് ഒരു സര്‍വ്വകലാശാലയിലും കാലുകുത്താന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കേന്ദ്ര സേനയെ ഉള്‍പ്പെടെ ഇറക്കി പ്രകോപനത്തിന് ശ്രമിച്ചാല്‍ അതിന് ഗവര്‍ണ്ണര്‍ മാത്രമല്ല കേരളത്തിലെ സംഘപരിവാറുകാരും വലിയ വിലയാണ് കൊടുക്കേണ്ടി വരിക. അതാകട്ടെ, വ്യക്തവുമാണ്…
EXPRESS KERALA VIEW