തിരുവനന്തപുരം: കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമവേദി ഉപരോധിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവ്രര്‍ത്തകര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ കയ്യേറ്റം ചെയ്ത നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
മുന്‍ അംബാസിഡറും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ശ്രീനിവാസനെ എന്തിന്റെ പേരിലാണെങ്കിലും എസ്എഫ്‌ഐയെ പോലെ ഉത്തരവാദിത്വബോധമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ ആക്രമിക്കരുതായിരുന്നുവെന്നാണ് പൊതു വികാരം.
വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോവളത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. വിദ്യാഭ്യാസ കച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരിപാടി ഉപരോധിക്കാന്‍ എത്തിയത്.
കാറില്‍ എത്തിയ ശ്രീനിവാസന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങാനൊരുങ്ങവെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ചത്. ശ്രീനിവാസനെ ഒരു പ്രവര്‍ത്തകന്‍ അടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.
ആള്‍ക്കൂട്ടത്തിനിടയിലെത്തുന്ന ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്യുന്നുണ്ട്. പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് പുറത്തെത്തുന്ന ശ്രീനിവാസനെ ഒരു പ്രവര്‍ത്തകന്‍ പുറകില്‍ നിന്ന് അടിയ്ക്കുന്ന ദൃശ്യങ്ങളാണ് വന്നിരിയ്ക്കുന്നത്.
വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിയ്ക്കുകയല്ല സംഗമത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. തന്നെ മര്‍ദ്ദിക്കുന്നത് പോലീസുകാര്‍ കാഴ്ചക്കാരെ പോലെ നോക്കി നിന്നെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞു.
എസ്എഫ്‌ഐ നേതാക്കളും ആക്രമണത്തെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ ആക്രമണത്തിനെതിരായ പ്രതിഷേധത്തെ ശമിപ്പിക്കാനായിട്ടില്ല.