കരിങ്കൊടികാട്ടി എസ്എഫ്ഐ, കാറില്‍ നിന്നിറങ്ങി പ്രതിഷേധിച്ച് ഗവര്‍ണര്‍; കൊല്ലത്ത് നാടകീയ രംഗം

കൊല്ലം : കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് പറഞ്ഞ്‌ റോഡിന് സമീപമിരുന്ന്‌ പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.

കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫിനോട്‌
ആവശ്യപ്പെട്ടു.

അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.

Top