യു.ഡി.എഫ് കോട്ടയിൽ എസ്.എഫ്.ഐ, 18 കോളജുകളിൽ എതിരാളികളേയില്ല !

ചിലത് അങ്ങനെയാണ്… മറുപടി മാസായി തന്നെ ശരവേഗത്തില്‍ ലഭിച്ചിരിക്കും. ഇത്തരമൊരു ഒന്നാന്തരം മറുപടിയാണ് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കാമ്പസുകളില്‍ സംഘടനാ സ്വാതന്ത്രത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സകല പിന്തിരിപ്പന്‍മാരും കോട്ടയത്തേക്ക് ഒന്നു തിരിഞ്ഞു നോക്കുക. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന 37 കോളജുകളില്‍ 18 കോളജുകളിലും എസ്.എഫ്.ഐക്ക് എതിരില്ല. ഇനി 19 കാമ്പസുകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ചര്‍ച്ച നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറുണ്ടെങ്കില്‍ അതാണ് ഉടനെ ചെയ്യേണ്ടത്.

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് കൊണ്ടാണ് അവര്‍ എതിരില്ലാതെ വിജയിക്കുന്നത് എന്ന് പറയുന്നവരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കാരണം എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ച 18 കോളജുകളിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളവയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കേരള കോണ്‍ഗ്രസ്സിന്റെയും സ്വന്തം ജില്ലയാണിത്. ഉമ്മന്‍ ചാണ്ടിയുടെ കുത്തക മണ്ഡലമായ പുതുപള്ളിയിലെ എസ്.എന്‍ കോളെജില്‍ പോലും എസ്.എഫ്.ഐക്ക് എതിരില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇതില്‍പരമൊരു തിരിച്ചടി അവര്‍ക്ക് കിട്ടാനുമില്ല.

കങ്ങഴ പി.ജി.എം കോളേജ്, ഡി.ബി കോളേജ് തലയോലപ്പറമ്പ്, എസ്.എന്‍ കോളേജ് കുമരകം, എം.ഇ.എസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡി.ബി കോളേജ് കീഴൂര്‍, വിശ്വഭാരതി ഞീഴൂര്‍, ഐ.എച്ച്.ആര്‍.ഡി ഞീഴൂര്‍, ഹെന്‍ട്രി ബേക്കര്‍ പൂഞ്ഞാര്‍, മണര്‍കാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫന്‍ പാലാ, മാര്‍ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് ഐ.സി.ജെ, ഏറ്റുമാനൂരപ്പന്‍ കോളേജ്, ഐ.എച്ച്.ആര്‍.ഡി കാഞ്ഞിരപ്പള്ളി, സെന്റ് ജോസഫ് ചങ്ങനാശ്ശേരി എന്നിവിടങ്ങളാണ് എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ച മറ്റ് കോളെജുകള്‍.

സകല കുത്തക മാധ്യമങ്ങളും പ്രതിപക്ഷവും ശക്തമായി പ്രചരണം നടത്തിയിട്ടും എന്തു കൊണ്ടാണ് ഒരു സ്ഥാനാര്‍ത്ഥിയെ പോലും ഈ കാമ്പസുകളില്‍ എതിരായി നിര്‍ത്താന്‍ കഴിയാതിരുന്നത് എന്ന് ഇനിയെങ്കിലും പ്രതിപക്ഷം ചിന്തിക്കണം. മാധ്യമങ്ങളുടെ കള്ള പ്രചാരവേലകള്‍ കൂടിയാണ് വിദ്യാര്‍ത്ഥി സമൂഹം ഇവിടെ തള്ളിക്കളഞ്ഞിരിക്കുന്നത്. കോട്ടയത്തെ ഈ 18 കോളെജുകളിലും മത്സരം നടക്കണമായിരുന്നുവെങ്കില്‍ എസ്.എഫ്.ഐ തന്നെ എസ്.എഫ്.ഐക്ക് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നു. അതാണ് ഈ കാമ്പസുകളിലെ നിലവിലെ അവസ്ഥ.

ഓഗസ്റ്റ് 14 നാണ് എം.ജി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള കാമ്പസുകളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വന്‍ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ എറണാകുളം, കോട്ടയം ഉള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ പരിധിയിലുള്ള എല്ലാ ജില്ലകളിലും നേട്ടമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വേട്ടയാടപ്പെട്ട ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കൊപ്പം കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അണിനിരക്കുന്ന ഈ കാഴ്ച തന്നെയാണ് യഥാര്‍ത്ഥ മാസ്…

ഇതോടൊപ്പം ഗൗരവമായ ഒരു ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. അത് പ്രതിപക്ഷത്തിന്റെ ഭാവിയാണ്. ഭാവി തലമുറ പ്രതിപക്ഷ സംഘടനകളാട് മുഖം തിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് രാഷ്ട്രീയ നേതൃത്വങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇങ്ങനെ പോയാല്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അടിവേരാണ് ഇളകാന്‍ പോകുന്നത്.

സി.പി.എമ്മും കോണ്‍ഗ്രസ്സും ബി.ജെ.പിയും ഉള്‍പ്പെടെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നവരാണ് ഭൂരിപക്ഷവും. അതുകൊണ്ടു തന്നെ കാമ്പസുകളില്‍ അടിതെറ്റിയാല്‍ അത് പൊതു രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതമുണ്ടാക്കും.

ഇന്റര്‍നെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും പുതിയ കാലത്ത് പരമ്പരാഗത മാധ്യമ പിന്തുണയില്‍ മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നില നില്‍ക്കാന്‍ കഴിയുകയില്ല. ഇവിടെ വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കാനുള്ള വഴി ഓരോ വ്യക്തിയുടെയും മുന്നില്‍ തന്നെയുണ്ട്. അവര്‍ അത് ശരിക്കും ഉപയോഗിക്കുന്നത് കൊണ്ടാണ് കേരളത്തിലെ കാമ്പസുകള്‍ ഇപ്പോഴും എസ്.എഫ്.ഐയെ കൈവിടാതിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളജില്‍ സഹപ്രവര്‍ത്തകന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ രാഷ്ട്രീയത്തിന് എതിരെയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ വോട്ട് ചോദിച്ചത്. തൃശൂര്‍ സെന്റ് തോമസ് കൊളെജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയെ വിജയിപ്പിച്ചാണ് ഇതിന് വിദ്യാര്‍ത്ഥികള്‍ ആദ്യം മറുപടി പറഞ്ഞത്. പിന്നീട് കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മൃഗീയ ആധിപത്യം നല്‍കിയും വിദ്യാര്‍ത്ഥി സമൂഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി.

ഇപ്പോഴിതാ കോട്ടയത്തെ 18 കോളെജുകളിലും എസ്.എഫ്.ഐ മാത്രം മതിയെന്ന് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സമീപനമാണ് കേരളം ഇനി ചര്‍ച്ച ചെയ്യേണ്ടത്, ആരാണ് ശരിയെന്ന് വിദ്യാര്‍ത്ഥി സമൂഹത്തിന് തന്നെ ബോധ്യമുള്ളതു കൊണ്ടാണ് അവര്‍ മറ്റ് ഓപ്ഷനിലേക്ക് പോകാതിരുന്നത്. അല്ലാതെ പേടിച്ചിട്ടല്ല. അത്തരമൊരു ആക്ഷേപം എസ്.എഫ്.ഐ എതിരാളികള്‍ക്ക് പോലും ഇവിടെ ഉന്നയിക്കാനും കഴിയില്ല.

വെറുതെ ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ആരെങ്കിലും എന്തെങ്കിലും ഷോ കാണിച്ചാല്‍ മാറുന്നതല്ല കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസ്സ്. കാമ്പസുകളില്‍ വിജയിക്കണമെങ്കില്‍ ആദ്യം വിദ്യാര്‍ത്ഥിയുടെ മനസ്സറിയണം, അവന്റെ പ്രശ്നങ്ങളും വേദനകളും അറിയണം, അവനു വേണ്ടി പോരാടാനുള്ള മനസ്സുണ്ടാകണം. അത്തരമൊരു നേതൃത്വത്തെ മാത്രമേ വിദ്യാര്‍ത്ഥി സമൂഹം അംഗീകരിക്കുകയുള്ളൂ.

എസ്.എഫ്.ഐ നേതാക്കള്‍ ഇക്കാര്യം വ്യക്തമായി നിര്‍വ്വഹിച്ചത് കൊണ്ടാണ് ആ സംഘടനയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നത്. കേരളത്തിലെ മുഴുവന്‍ സര്‍വ്വ കലാശാലാ യൂണിയനുകളും ഭരിക്കാന്‍ എസ്.എഫ്.ഐക്ക് കഴിയുന്നതും അത് കൊണ്ടാണ്. ബഹു ഭൂരിപക്ഷം കാമ്പസുകളിലും എസ്.എഫ്.ഐയോട് താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത രീതിയില്‍ വലിയ അകലത്തിലാണ് മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെയും സ്ഥാനം.

അതുകൊണ്ടാണ് കോട്ടയത്തെ 18 കാമ്പസുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും അവര്‍ക്ക് സാധിക്കാതെയിരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് പറിച്ച് നടണമെന്ന് പ്രസംഗിക്കുന്ന കെ. മുരളീധരന്‍ ഇനി ഈ 18 കാമ്പസുകളും കോട്ടയത്ത് നിന്നും മാറ്റാനും ഒരുപക്ഷേ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

കാമ്പസുകളല്ല മാറ്റേണ്ടത്, സ്വന്തം വിദ്യാര്‍ത്ഥി സംഘടനയുടെ തലയിലെഴുത്താണ് മാറ്റേണ്ടതെന്ന ബോധമാണ് ആദ്യം ഈ കോണ്‍ഗ്രസ്സ് നേതാവിന് ഉണ്ടാവേണ്ടത്. യൂണിവേഴ്സിറ്റി കോളെജില്‍ കുത്തേറ്റു വീണ അഖില്‍ ഉള്‍പ്പെടെ ഇപ്പോഴും ശുഭ്ര പതാക പിടിക്കുമ്പോള്‍ അവിടെ പരാജയപ്പെടുന്നത് വലതുപക്ഷ രാഷ്ട്രീയമാണ്. മാധ്യമ രാഷ്ട്രീയമാണ്. ഇക്കാര്യമാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയേണ്ടത്.

Political Reporter

Top