കോട്ടയം: എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയുമായി എഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു രംഗത്തുവന്നതില്‍ പ്രസ്താവനയുമായി എസ്എഫ്‌ഐ. എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം എന്ന് എസ്എഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
എം.ജി സര്‍വ്വകലാശാല സെനറ്റ് – സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്എഫ്‌ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എഐഎസ്എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. 10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എഐഎസ്എഫ്, സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെഎസ്‌യു – എഐഎസ്എഫ് – എംഎസ്എഫ് സഖ്യത്തിന്റെ ഭാഗമാണ്.
എന്നാല്‍, ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രിഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെഎസ്‌യുവിന് കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇത് എഐഎസ്എഫ് ഉള്‍പ്പെടുന്ന ആന്റി എസ്എഫ്‌ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്എഫ്‌ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും എസ്എഫ്‌ഐ വ്യക്തമാക്കുന്നു.
വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റിധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിന്‍ ദേവ്, പ്രസിഡന്‍് വി.എ വീനിഷ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.