മലപ്പുറം: എസ്.എഫ്.ഐ വിജയത്തെ തുടര്‍ന്ന് സ്വന്തം വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ കമ്മറ്റി തന്നെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് മരവിപ്പിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ മുന്നേറ്റത്തില്‍ എം.എസ്.എഫിന്റെ കുത്തകയായ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനവും എസ്.എഫ്.ഐ പിടിച്ചെടുത്തതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തോട് ലീഗ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അപ്രതീക്ഷിത നടപടിയുണ്ടായത്.
ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം ലീഗ് ഇടപെട്ട് എം.എസ്.എഫില്‍ ഇത്തരമൊരു നടപടി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സ്വീകരിക്കുന്നത്.
എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന്‍ ഭരണം പിടിച്ച കാലങ്ങളിലെല്ലാം മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനം എം.എസ്.എഫ് നിലനിര്‍ത്തി പോന്നിരുന്നു.
എന്നാല്‍ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഈ സ്ഥാനവും എസ്.എഫ്.ഐ അപ്രതീക്ഷിതമായി പിടിച്ചെടുക്കുകയായിരുന്നു.
മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലും എസ്.എഫ്.ഐ സമ്പൂര്‍ണ്ണ ആധിപത്യം നേടിയത് മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടി മുസ്ലീം ലീഗാണെങ്കില്‍ മലപ്പുറത്തെയും ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിജയം.
മുസ്ലീം ലീഗ് അനുഭാവികളുടെ വീടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ പോലും എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കുന്നത് ഗൗരവമായാണ് ലീഗ് നേതൃത്വം കാണുന്നത്.
അടിയന്തരമായി ‘തിരുത്തല്‍’ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവില്‍ എം.എസ്.എഫില്‍ വ്യാപക അഴിച്ചുപണിക്കാണ് മാതൃസംഘടനയുടെ നീക്കം.
പച്ചപുതച്ച ചരിത്രമുള്ള മലപ്പുറത്ത് ചുവപ്പിന്റെ സ്വാധീനം ഒരു കാരണവശാലും അനുവദിച്ച് കൊടുക്കരുതെന്ന അഭിപ്രായമുള്ള ലീഗിലെ തീവ്രനിലപാടുകാര്‍ ഇതിനകം തന്നെ യൂത്ത് ലീഗിലും കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് കൂടിയത് റെഡ് സിഗ്‌നലായി കാണുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലെ കാമ്പസുകളില്‍ ഉയരുന്ന ശുഭ്ര പതാക ഭാവിയില്‍ പാര്‍ട്ടിയുടെ അടിവേര് ഇളക്കുമെന്നാണ് ആശങ്കപ്പെടുന്നത്.
കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിനാണ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ എല്ലാ ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സര്‍വ്വകലാശാലാ കൗണ്‍സിലര്‍മാരായിരുന്നു വോട്ടര്‍മാര്‍.