മത-വര്‍ഗ്ഗീയ തീവ്ര-ഫത്വവകള്‍ക്ക് ശക്തമായ മറുപടി നല്‍കി എസ്.എഫ്.ഐ ഫ്‌ളാഷ് മോബ്

തിരുവനന്തപുരം: മലപ്പുറത്ത് ഫ്‌ളാഷ് മോബില്‍ പങ്കെടുത്തതിന് മുസ്ലീം പെണ്‍കുട്ടികള്‍ക്കും റേഡിയോ ജോക്കിയ്ക്കും നേരെ കലാപക്കൊടി ഉയര്‍ത്തിയ മത-വര്‍ഗ്ഗീയ ശക്തികള്‍ക്ക് കിടിലന്‍ മറുപടി നല്‍കി എസ്.എഫ്.ഐ.

സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളാണ് നൃത്തവും ഒരു സമരമാര്‍ഗ്ഗമാക്കി മാറ്റിയത്.

എഫ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഫ്‌ളാഷ് മോബില്‍ പങ്കെടുത്ത മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥിനികള്‍ ‘മത-വര്‍ഗീയ തീവ്ര-ഫത്വവകള്‍ക്ക് മറുപടി മാനവികതയാണെന്ന’ കിടിലന്‍ മറുപടിയാണ് നല്‍കിയത്.
24899076_2042066296025216_950063924_n

വിദ്യാര്‍ത്ഥികളടക്കം വലിയ ഒരു കൂട്ടം തന്നെ സമരങ്ങളുടെ വിളനിലമായ കാമ്പസിലെ പുതുമയാര്‍ന്ന നൃത്ത സമരം കാണാനെത്തിയിരുന്നു.

പരിപാടി എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആദര്‍ശ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു.

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനീഷ്, പ്രസിഡന്റ് വിപിന്‍, യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ചെയര്‍മാന്‍ നസീം എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ മത-മൗലികവാദികള്‍ക്കെതിരെ പ്രതികരിച്ച പ്രവാസി മലയാളി യുവാവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത് ഏറെ വിവാദമായിരുന്നു.
24898905_2042066246025221_662793819_n
ലോക എയ്ഡ്‌സ് ദിനത്തിലാണ് പെണ്‍കുട്ടികള്‍ ബോധവത്കരണ സന്ദേശവുമായി ഫ്‌ളാഷ്‌മോബ് കളിച്ചത്. വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന പാട്ടിനൊത്താണ് ചുവടുവെച്ചത്.

എന്നാല്‍ ഫ്‌ളാഷ്‌മോബിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു.

ഇതിനെതിരെ പ്രതികരിച്ച ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സൂരജ് എന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം ഭീഷണി സന്ദേശവും അസഭ്യവര്‍ഷവും ലഭിച്ചത്.

ഇയാള്‍ ജോലി ചെയ്യുന്ന ദോഹയിലെ മലയാളി റെഡ് എഫ് എം റേഡിയോ സ്റ്റേഷനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.

എഫ്എം ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്നും സ്ഥാപനത്തിനെ ക്രൂശിക്കരുതെന്നും ആവശ്യപ്പെട്ട് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

സഹിക്കാനാവുന്നതിലും കൂടുതല്‍ സമ്മര്‍ദം നേരിട്ടെന്നും താന്‍ ഏതെങ്കിലും മതത്തിന് എതിരല്ല പറഞ്ഞതെന്നും മറുപടിപറഞ്ഞ് യുവാവ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

അതേസമയം സൂരജിനെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ അടക്കമുള്ളവര്‍ ശക്തമായി രംഗത്ത് വന്ന് മത-മൗലികവാദികള്‍ക്ക് മുന്നറിയിപ്പും നല്‍കുകയുണ്ടായി.

തുടര്‍ന്നാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലും ജാതി-മത ഭേതമന്യേ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പങ്കെടുപ്പിച്ച് ഫ്‌ളാഷ് മോബ് അരങ്ങേറിയത്.

Top