ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ. കരിങ്കൊടി ഉയര്‍ത്തി ഗസ്റ്റ് ഹൗസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. സമരം അവസാനിപ്പിക്കാന്‍ കൂട്ടാക്കാതെ മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടേയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഗവര്‍ണറെ സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് എസ്എഫ്‌ഐ.

ചാന്‍സലര്‍ ഫാസിസമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ സര്‍വ്വകലാശാലക്ക് പുറത്ത് നിന്നാല്‍ മതി എന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാന്‍സലര്‍ക്ക് എവിടെ നിന്ന് കിട്ടി എന്താണ് മറ്റു സംഘടനകള്‍ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും പാന്‍ പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആര്‍എസ്എസ്സുകാരനാണ് ഗവര്‍ണറെന്ന് ആര്‍ഷോ ആരോപിച്ചു. ജീവന്‍ കൊടുക്കേണ്ടി വന്നാലും ചാന്‍സലറെ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

Top