കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തില്‍ കെഎസ്യുവിനു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഒരാഴ്ചയായി കോളേജില്‍ എസ്എഫ്‌ഐ ഏകപക്ഷീയ ആക്രമണം അഴിച്ചു വിടുകയാണ്. എസ്എഫ്‌ഐയുടെ തല്ലു കൊണ്ടവര്‍ തിരിച്ചടിച്ചതായിരിക്കും. സംഘടിത ആക്രമണം ആണ് എസ്എഫ്‌ഐ അഴിച്ചു വിടുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.
ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഏകപക്ഷീയ ഇടപെടല്‍ പൊലീസ് അവസാനിപ്പിക്കണം. ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇങ്ങനെ പോയാല്‍ തങ്ങള്‍ക്ക് പ്രതിരോധിക്കേണ്ടി വരും. കോളേജിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് എസ്എഫ്‌ഐ ചുടു ചോറ് വാരിക്കുകയാണ്. ഈ നിലപാട് തിരുത്താന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിന് പിന്നില്‍ കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ ആരോപിച്ചിരുന്നു. നാടക പരിശീലനം കഴിഞ്ഞ് നാസറും കുറച്ചുപേരും താഴേയ്ക്ക് ഇറങ്ങുമ്പോഴാണ് അക്രമിസംഘം ക്യാമ്പസിലേക്ക് ഇടിച്ചു കയറിയെത്തിയത്. വടിവാള്‍, ബിയര്‍ കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങള്‍ അവരുടെ കയ്യിലുണ്ടായിരുന്നു. തികച്ചും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കെഎസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തമീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
എസ്എഫ്‌ഐ പറയുന്നത് മാത്രമാണ് പൊലീസ് കേള്‍ക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. പൊലീസിന്റെ നിസംഗതയാണ് ക്യാമ്പസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മഹാരാജാസ് കോളേജില്‍ അടിയന്തരമായി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.