കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കീഴടങ്ങിയത്.
സഹലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അഭിമന്യൂ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്.
അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹല്‍ ആണെന്നാണ് പൊലീസ് കുറ്റപത്രം. എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.
സഹല്‍ കര്‍ണാടകത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ സഹലിന് വേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സഹലിന്റെ കൊവിഡ് ടെസ്റ്റ് നടത്തും. അതിനായി കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു സാമ്പിള്‍ എടുക്കും. ടെസ്റ്റ് റിസള്‍ട്ട് വരുന്നത് വരെ കറുകുറ്റിയിലെ ഡീറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റും. കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയാല്‍ ജയിലിലേക്ക് മാറ്റും.
2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്.കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.