‘ അവൻ നിഷ്കളങ്കൻ , എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവന്‍’ ; സൈമണ്‍ ബ്രിട്ടോ

കൊച്ചി : മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട അഭിമന്യുവുമായി തനിക്ക് ആഴമേറിയ ബന്ധമാണുണ്ടായിരുന്നതെന്ന് മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ.

തന്റെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു അഭിമന്യു എന്ന് പറഞ്ഞ അദ്ദേഹം നിഷ്‌കളങ്കനായ ഒരു വിദ്യാര്‍ത്ഥി നേതാവായിരുന്നു അഭിമന്യുവെന്നും അഭിപ്രായപ്പെട്ടു.

‘അവന്‍ നിഷ്‌കളങ്കനായ ഒരു വ്യക്തിയായിരുന്നു. എല്ലാവരോടും സ്‌നേഹമായിരുന്നു അവന്. ഒരാളെ കുറിച്ചു പോലും മോശമായി അഭിമന്യു പറഞ്ഞിരുന്നില്ല. എന്റെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു. വീട്ടിലെത്തി കഴിഞ്ഞാല്‍ എനിക്ക് ഫിസിയോ തെറാപ്പി ചെയ്തു തരുന്നതും കിടക്കയില്‍ നിന്നും പൊക്കിയിരുത്തുന്നതും എല്ലാം അവനായിരുന്നു. എന്നോടൊപ്പം കിടന്നുറങ്ങും. വീല്‍ ചെയര്‍ തള്ളി സഹായിക്കും. വീട്ടില്‍ എത്തിയാല്‍ എന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് അവനാണ്. കൂടാതെ താന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്ന 1800 പേജോളം വരുന്ന യാത്രാവിവരണത്തിന്റെ കയ്യെഴുത്തിന്റെ കൂടുതല്‍ ഭാഗവും എഴുതിയിരുന്നതും അഭിമന്യൂവായിരുന്നെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.

simon britto

തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിമന്യൂ. മഹാരാജാസ് കോളേജില്‍ ക്യാമ്ബസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു. അര്‍ജുന്‍, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ്‌ ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്‌. ബിലാല്‍ കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ്‌ ഫ്രണ്ട് ഭാരവാഹിയാണ്. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ്‌ ചെയ്യുന്നുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ പഠിപ്പുമുടക്കുകയാണ്‌.

Top