തൃശൂർ: പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകർക്കെതിരെ ഭീഷണിയുമായി എസ്.എഫ്.ഐ. തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഓഫീസ് റൂമിൽ കയറിയാണ് എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.
എസ്.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി അസം മുബാറക് ഉൾപ്പെടെ ഉള്ളവരാണ് ഭീഷണിപ്പെടുത്തിയത്. ‘മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്. തെമ്മാടിത്തരം ഇവിടെ കാണിക്കരുത്. തോന്ന്യാസം കാണിച്ചാലുണ്ടല്ലോ. തന്റെ കൈയും കാലും ഞാൻ തല്ലിയൊടിക്കും. താൻ പുറത്തിറങ്ങ്, തന്റെ മുട്ടുകാല് തല്ലിയൊടിക്കും’- എന്നൊക്കെയായിരുന്നു ഭീഷണി.
എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയെന്നാരോപിച്ചായിരുന്നു പുറത്തുനിന്നെത്തിയ ജില്ലാ കമ്മിറ്റി നേതാക്കള്‍ പ്രതിഷേധം നടത്തുകയും പ്രിന്‍സിപ്പലിനെയും അധ്യാപകരേയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
പ്രതിഷേധം നടക്കുന്നതിനാല്‍ ഓഫീസിനു പുറത്ത് പൊലീസ് സംഘം ഉണ്ടായിരിക്കെയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ബി ദിലീപിനെതിരെയായിരുന്നു ഭീഷണി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.