ഗവർണ്ണറുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എസ്.എഫ്.ഐ, കേന്ദ്ര സുരക്ഷയുണ്ടായിട്ടും കരിങ്കൊടി പ്രതിഷേധം ശക്തമായി തുടരുന്നു

‘അടി ‘എന്ന ഒരുവാക്ക്….എഴുതികാണിച്ച മാത്രയില്‍ തന്നെ മിന്നല്‍ വേഗത്തില്‍ ഓടിയൊളിക്കുന്നവര്‍ക്കൊപ്പം വിവിധ പാര്‍ട്ടികളില്‍ നിരവധി യാത്രകള്‍ ചെയ്ത… ഒരു വലിയ പാരമ്പര്യം തന്നെയുണ്ട്… നമ്മുടെ ആരിഫ് മുഹമ്മദ് ഖാന്. സംഘപരിവാര്‍ തണലില്‍ കേരള ഗവര്‍ണ്ണറുടെ ചുമതലയില്‍ എത്തിയിട്ടു പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പഴയ ആ അനുഭവങ്ങളുട ഹാങ് ഓവര്‍ അദ്ദേഹത്തില്‍ നിന്നും ഇതുവരെ വിട്ടുപോയിട്ടില്ല. എസ്.എഫ്.ഐയോടുള്ള അദ്ദേഹത്തിന്റെ സമീപനവും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

കേന്ദ്രസേനയെയും ജയിലിനെയും കണ്ടാല്‍ എസ്.എഫ്.ഐക്കാര്‍ നനഞ്ഞ പൂച്ചകളായി മാറുമെന്ന ഉപദേശം കേട്ടാണ് സകല അഭ്യാസവും ഗവര്‍ണ്ണറിപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. എന്നാല്‍ അതിപ്പോള്‍, വിപരീതഫലമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചും സി.ആര്‍.പി.എഫുകാരെ പ്രദര്‍ശിപ്പിച്ച് ഭയപ്പെടുത്തിയും, എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കളയാം എന്ന ഗവര്‍ണ്ണറുടെ അഹങ്കാരത്തിന് ചുട്ട മറുപടിയാണിപ്പോള്‍ കൊച്ചി കളമശ്ശേരിയില്‍ എസ്.എഫ്.ഐക്കാര്‍ നല്‍കിയിരിക്കുന്നത്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ, സി.ആര്‍.പി.എഫുമൊത്തുള്ള ആദ്യ യാത്രയില്‍ തന്നെയാണ് വലിയ പ്രതിഷേധവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കളമശ്ശേരിയില്‍ സംഘടിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചിരിക്കുന്നത്. പൊലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് അനുസരിക്കാതെയാണ് തീരുമാനിച്ച പ്രതിഷേധം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയിരിക്കുന്നത്.

പിന്നീട് ഗവര്‍ണര്‍ തിരിച്ചു പോകുന്നതിനിടെ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡരികില്‍നിന്ന് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയുണ്ടായി. പിരിഞ്ഞുപോയതിനുശേഷം വീണ്ടും സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ‘സംഘി ചാന്‍സിലര്‍ ഗോ ബാക്ക് ‘ എന്ന ബാനര്‍ ഉയര്‍ത്തി ഗവര്‍ണറുടെ വാഹനം കടന്നുപോയ വഴിയില്‍ വീണ്ടും പ്രതിഷേധിച്ചിരുന്നത്. സി.ആര്‍.പി.എഫുകാര്‍ ഈ പ്രതിഷേധങ്ങള്‍ കണ്ടെങ്കിലും, കണ്ടഭാവം നടിക്കാതെ കടന്നു പോവുകയാണ് ഉണ്ടായത്.

‘അമിത് ഷാ നിയോഗിച്ച സി.ആര്‍.പി.എഫുകാര്‍ എത്തിയാല്‍, എസ്.എഫ്.ഐക്കാര്‍ വിവരമറിയുമെന്നും ഒരു കരിങ്കൊടി പ്രതിഷേധവും നടത്തിക്കില്ലന്നും വീമ്പിളക്കിയ ‘സകല സംഘപരിവാറുകാരും, ചാനല്‍ ബുദ്ധിജീവികളുമാണ്’ ഇതോടെ നാണം കെട്ടിരിക്കുന്നത്. ഇനി പ്രതിഷേധിച്ചാല്‍ എസ്.എഫ്.ഐക്കാരെ ചുരിട്ടികൂട്ടി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുമെന്ന പ്രതികരണം നടത്തിയ റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥരും ഇളഭ്യരായിട്ടുണ്ട്.

പൊലീസല്ല, പട്ടാളം വന്നാലും…തീരുമാനിച്ച സമരം ഗവര്‍ണ്ണര്‍ക്കെതിരെ തുടര്‍ന്നും നടത്തുമെന്നാണ് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൊണ്ടാണ് സി.ആര്‍.പി.എഫിന്റെ കനത്ത സുരക്ഷ ഉണ്ടായിട്ടു പോലും അവര്‍ വീണ്ടും വീണ്ടും കരിങ്കൊടി വീശിയിരിക്കുന്നത്. ഇനിയും ഈ സമരം എസ്.എഫ്.ഐക്കാര്‍ തുടരുമെന്ന കാര്യവും ഉറപ്പാണ്. ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലില്‍ അടച്ചിട്ടു പോലും എസ്.എഫ്.ഐയുടെ പോരാട്ട വീര്യത്തെ അതൊന്നും തെല്ലും ബാധിച്ചിട്ടില്ല

മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ചെയ്തതു പോലെ ജാമ്യം ലഭിക്കാനായി ഒരുഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും എസ്.എഫ്.ഐക്കാര്‍ ഹാജരാക്കിയിട്ടുമില്ല. നിലമേലില്‍ കരിങ്കൊടി പ്രകടനം നടത്തിയതിന് ജയിലിലടച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊന്നും ഹാജരാക്കാതെ തന്നെയാണ് ബഹുമാനപ്പെട്ട കോടതി ജാമ്യവും അനുവദിച്ചിരിക്കുന്നത്. എസ്.എഫ്.ഐയുടെ സമരചരിത്രം നന്നായി അറിയുന്ന കേരളത്തെ സംബന്ധിച്ച് ഇപ്പോഴത്തെ ഈ കരിങ്കൊടി പ്രതിഷേധമൊക്കെ വളരെ ചെറിയ സമരമുറകളാണ്.

മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഉള്‍പ്പെടെ തെരുവില്‍ തടഞ്ഞ ചരിത്രമുള്ള സംഘടനയാണ് എസ്.എഫ്.ഐ. അടിയും ഇടിയും വെടിയും എല്ലാം ഏറ്റുവാങ്ങി തന്നെയാണ് എസ്.എഫ്.ഐ അതിന്റെ ഇതുവരെയുള്ള കരുത്തും രൂപപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസേനയുടെ നിഴല്‍ കണ്ടാല്‍ പോകുന്ന വീര്യമൊന്നുമല്ല അത്. ചാന്‍സലറായ ഗവര്‍ണ്ണറെ പാഠം പഠിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ മുന്നിലുള്ള ഏക തടസ്സം കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാറാണ് എന്നതു മാത്രമാണ്. ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നു എങ്കില്‍ ഒരിക്കലും… ഇങ്ങനെ തെരുവിലിറങ്ങി വെല്ലുവിളിക്കാന്‍ ചാന്‍സലറും തയ്യാറാവുമായിരുന്നില്ല.

മിടുക്കരായ വിദ്യാര്‍ത്ഥികളെ തഴഞ്ഞ് കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് … സംഘപരിവാറുകാരെ നോമിനേറ്റു ചെയ്ത ഗവര്‍ണ്ണര്‍ക്കെതിരെ… , പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുള്ള സമരം മാത്രമാണ് എസ്.എഫ്.ഐ ഇതുവരെ നടത്തിയിരിക്കുന്നത്. അതാകട്ടെ സാമാധാനപരമായ പ്രതിഷേധവുമാണ്. ഇവിടെ രംഗം വഷളാക്കാന്‍ ശ്രമിച്ചിരിക്കുന്നത് ഗവര്‍ണ്ണറാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലും നിലമേലും …ആരാണ് യഥാര്‍ത്ഥത്തില്‍ പ്രകോപനം സൃഷ്ടിച്ചതെന്നത് രാഷ്ട്രീയകേരളം നേരിട്ടുകണ്ട കാഴ്ചയാണ്.

ഒരു ഗവര്‍ണ്ണര്‍ക്ക് ആ പദവിയുടെ അന്തസ്സ് എത്ര മാത്രം താഴ്ത്തിക്കെട്ടുവാന്‍ കഴിയുമോ … അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ പൊളിറ്റിക്കല്‍ ഷോയ്ക്ക് പൊളിറ്റിക്കല്‍ പാര്‍ട്ടിയായ ബി.ജെ.പിയാണ് ‘കുട’ പിടിച്ചിരിക്കുന്നത്. മിന്നല്‍ വേഗത്തില്‍ സി.ആര്‍.പി.എഫുകാരെ ഗവര്‍ണ്ണറുടെ സുരക്ഷയ്ക്ക് നിയോഗിച്ചതും സംഘപരിവാറിന്റെ രാഷ്ട്രീയ തീരുമാനമാണ്. അങ്ങനെ മാത്രമേ , വിലയിരുത്താനും സാധിക്കുകയൊള്ളൂ.

സര്‍വ്വകലാശാലകളില്‍ ആയാലും , പിണറായി സര്‍ക്കാറിനോടുള്ള സമീപനങ്ങളിലായാലും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടപ്പാക്കുന്നത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും താല്‍പ്പര്യങ്ങളാണ്. അതാകട്ടെ വ്യക്തവുമാണ്. അതുകൊണ്ടു തന്നെ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടാല്‍….സി.ആര്‍.പി.എഫിനെ മാത്രമല്ല, എന്തുംവിട്ടു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്യും. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്.

എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി സംഘടന കരിങ്കൊടി പ്രതിഷേധത്തിലൂടെ ജനാധിപത്യപരമായ അവരുടെ അവകാശമാണ് വിനിയോഗിക്കുന്നത്. അതില്‍ കലികൊള്ളുന്ന ഗവര്‍ണ്ണറുടെ ഭാഗത്താണ് വലിയ വീഴ്ചയുള്ളത്. കേന്ദ്രസേന എത്തിയാല്‍ തനിക്കു നേരെ എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികാട്ടില്ലന്ന് ഗവര്‍ണ്ണര്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ ആ വിശ്വാസമാണിപ്പോള്‍ കൊച്ചിയില്‍ എസ്.എഫ്.ഐക്കാര്‍ തകര്‍ത്തു കളഞ്ഞിരിക്കുന്നത്. ഇനിയും ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. അതായത് , എസ്.എഫ്.ഐ നേതൃത്വം സമരം നിര്‍ത്താന്‍ തീരുമാനിക്കും വരെ കരിങ്കൊടി പ്രതിഷേധങ്ങളും തുടരും.

സര്‍വ്വകലാശാലകളില്‍ കൂടുതല്‍ ഇടപെടലുകളിലേക്ക് ഗവര്‍ണ്ണര്‍ കടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ശക്തിയും സ്വാഭാവികമായും വര്‍ദ്ധിക്കാന്‍ തന്നെയാണ് സാധ്യത. ഈ പ്രക്ഷോഭം കൊണ്ട് , വലിയ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പോകുന്നതും ഇടതുപക്ഷമായിരിക്കും. പരിവാര്‍ അജണ്ട നടപ്പാക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ , ഒരു ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത യു.ഡി.എഫ് സംഘടനകളാണ് ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ – എസ്.എഫ്.ഐ പോരില്‍ പ്രതിരോധത്തിലായിരിക്കുന്നത്. യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാടിനെതിരെ അവരെ പിന്തുണയ്ക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോലും, വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വിവാദങ്ങളില്‍… ഗവര്‍ണ്ണറെ പിന്തുണച്ച പ്രതിപക്ഷ നേതാവിനും… കെ.പി.സി.സി അദ്ധ്യക്ഷനും എതിരെ കോണ്‍ഗ്രസ്സിനുള്ളിലും രൂക്ഷമായ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ലീഗിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.

‘മുസ്ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ഗവര്‍ണ്ണര്‍ക്ക് ബിരിയാണി വിളംബിയതിനാലാണോ ‘ എം.എസ്.എഫും യൂത്ത് ലീഗും… സംഘിഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാത്തതെന്ന ചോദ്യമാണ് , സോഷ്യല്‍ മീഡിയകളിലൂടെ ഒരു വിഭാഗം ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലിംലീഗ് അണികളെ സംബന്ധിച്ച്, ശരിക്കുംവെട്ടിലാക്കുന്ന ചോദ്യം തന്നെയാണിത്. അയോദ്ധ്യ വിഷയവും പൗരത്വ നിയമഭേദഗതിയും വീണ്ടും സജീവമായിരിക്കുന്ന വര്‍ത്തമാന കാലസാഹചര്യത്തില്‍ ഗവര്‍ണ്ണറോടുള്ള ലീഗിന്റെ മൃദുസമീപനം കൂടുതല്‍ ശക്തമായി തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കാലിക്കറ്റ് സര്‍വ്വകലാശാലാ സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത സംഘപരിവാറുകാരെ , എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ , യോഗത്തില്‍ പങ്കെടുപ്പിക്കാതെ തടഞ്ഞുവച്ചപ്പോള്‍ അത് ടെലിവിഷനിലൂടെ കണ്ട് കണ്ണ് തള്ളിപ്പോയതും, ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും അണികള്‍ക്കാണ്. ഇത്തരം ഒരു മാസ് പ്രതിഷേധം നടത്തണമെന്ന ആഗ്രഹം, എം.എസ്. എഫിന്റെയും കെ.എസ്.യുവിന്റെയും പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നെങ്കിലും, അതിന് രാഷ്ട്രീയ അനുമതി അവര്‍ക്ക് ലഭിച്ചിരുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെയും എസ്.എഫ്.ഐ തന്നെയാണ് കയറി സ്‌കോര്‍ ചെയ്തിരിക്കുന്നത്.

സംഘപരിവാര്‍ സംഘടനകള്‍ക്കും, മോദി സര്‍ക്കാറിനുമെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം നടത്തുന്നത് ഇടതുപക്ഷ സംഘടനകളാണെന്ന പൊതുബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ എസ്.എഫ്.ഐയ്ക്കും ഡി.വൈ.എഫ്.ഐയ്ക്കും കഴിഞ്ഞിട്ടുണ്ട്. അതിന് അവര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ നിരവധി ഉദാഹരണങ്ങളുമുണ്ട്. ഏറ്റവും ഒടുവില്‍, കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യചങ്ങലയും വന്‍ വിജയമായാണ് മാറിയിരിക്കുന്നത്. 20 ലക്ഷം പേരാണ് ആ മഹാചങ്ങലയില്‍ കണ്ണികളായിരിക്കുന്നത്.

കേന്ദ്രസേനയുടെ ബലത്തില്‍ സഞ്ചരിച്ചിട്ടും, ഗവര്‍ണ്ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്തിരിയാതെ, എസ്.എഫ്.ഐ കരിങ്കൊടി കാട്ടിയതും ചുവപ്പിന്റെ പോരാട്ട വീര്യത്തെ എടുത്തു കാട്ടുന്നതാണ്. ഗവര്‍ണ്ണറാണ് പ്രകോപനമുണ്ടാക്കുന്നതെങ്കിലും പിന്നില്‍ സംഘപരിവാറാണ് കളിക്കുന്നതെന്ന നല്ല ബോധ്യം എസ്.എഫ്.ഐക്കുമുണ്ട്.സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണ്ണര്‍ എസ്.എഫ്.ഐയെ വെല്ലുവിളിച്ചാണ് താമസം കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാറ്റിയിരുന്നത്. അവിടെ വച്ച് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരവും പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് മിഠായി തെരുവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗവര്‍ണ്ണര്‍ ഇറങ്ങി നടന്നപ്പോള്‍ ഒപ്പം നടക്കാന്‍ എത്തിയതും ബി.ജെ.പി – സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോള്‍, സര്‍വ്വകലാശാല കാമ്പസില്‍ ഇറങ്ങി… ഗവര്‍ണ്ണര്‍ക്കെതിരെ എസ്.എഫ്.ഐ കെട്ടിയ ബാനര്‍ അഴിപ്പിച്ചതു പോലും മനപൂര്‍വ്വം പ്രകോപനം ക്ഷണിച്ചു വരുത്തുന്നതിനായിരുന്നു എന്നുതന്നെ പറയേണ്ടി വരും. കാരണം ,രാജ്യത്തെ ഒരു ഗവര്‍ണ്ണറും ഇന്നുവരെ ചെയ്യാത്ത പ്രവര്‍ത്തികളും സഞ്ചരിക്കാത്ത പാതകളിലൂടെയുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ ഗവര്‍ണ്ണര്‍ സ്ഥാനത്തിരുന്നു കൊണ്ട് സന്ദര്‍ശിച്ച ഏക ഗവര്‍ണ്ണറും ഒരുപക്ഷേ, ആരിഫ് മുഹമ്മദ് ഖാന്‍ മാത്രമായിരിക്കും.

ഗവര്‍ണ്ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസില്‍ പ്രതിഷേധത്തിന്റെ ഒരു സാഗരം തന്നെയാണ് എസ്.എഫ്.ഐ സൃഷ്ടിച്ചിരുന്നത്. പൊലീസ് വലയം ഭേദിച്ച് ഗവര്‍ണ്ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ വരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തുന്ന സാഹചര്യവും ഉണ്ടായി. കരിങ്കൊടി പ്രകടനത്തിനും അപ്പുറം… തല്‍ക്കാലം മറ്റുരൂപത്തിലേക്ക് സമരത്തെ കൊണ്ടുപോകേണ്ടതില്ലന്ന എസ്.എഫ്.ഐയുടെ തീരുമാനമാണ് അന്ന് കാര്യങ്ങള്‍ വലിയ സംഘര്‍ഷത്തിലേക്ക് പോകാതെ തടഞ്ഞു നിര്‍ത്തിയിരുന്നത്. ഇപ്പോഴും എസ്.എഫ്.ഐ തുടരുന്നതും ആ സംയമനം തന്നെയാണ്. അതിനെ ദൗര്‍ബല്യമായി കണ്ടാണ് ഗവര്‍ണ്ണര്‍ ഇപ്പോള്‍ സി.ആര്‍.പി.എഫുകാരെ വിളിച്ചു വരുത്തിയിരിക്കുന്നത്.

കേന്ദ്ര സേന ഇറങ്ങിയാല്‍ എസ്.എഫ്.ഐക്കാര്‍ കരിങ്കൊടിയും താഴെവച്ച് ഓടിപ്പോകുമെന്നു കരുതിയ ആരിഫ് മുഹമ്മദ് ഖാന്റെ ,ആ കണക്ക് കൂട്ടലുകളാണ് ഇപ്പോള്‍ പാടെ തെറ്റിയിരിക്കുന്നത്. എസ്.എഫ്.ഐക്കാരുടെ കരിങ്കൊടി പ്രതിഷേധം കണ്ടില്ലന്നു പരിഹസിച്ച് … കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ കരിങ്കൊടിയുടെ കൊടുങ്കാറ്റ് തന്നെ തീര്‍ത്ത എസ്.എഫ്.ഐ, കേന്ദ്രസേനയെ സാക്ഷി നിര്‍ത്തിയാണിപ്പോള്‍, പുതിയ പോര്‍മുഖവും തുറന്നിരിക്കുന്നത്. ഏത് സേന വന്നാലും, വെടിയേറ്റാല്‍ പോലും …ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം തുടരുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിക്കുമ്പോള്‍, അവിടെ പ്രതിരോധത്തിലാകുന്നത് അഹങ്കാരം തലയ്ക്കു പിടിച്ച അധികാരകേന്ദ്രം മാത്രമല്ല , അതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം കൂടിയാണ്… അതെന്തായാലും …പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top