ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ബിജെപി നേതാവ് ഓ രാജഗോപാല്‍. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ഉദാഹരണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനാനുവാദം ഇല്ലാതെ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ സാധിക്കില്ല. ഗവര്‍ണര്‍ക്കെതിരായ ഇത്തരം പ്രതിഷേധം തന്റെ ഓര്‍മ്മയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് രാജ്ഭവന്‍ അറിയിച്ചു. നടന്നത് ഗുരുതര പ്രോട്ടോകോള്‍ ലംഘനം.
ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമത്തിച്ചതില്‍ വിശദ അന്വേഷണത്തിന് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി. അറസ്റ്റിലായ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരോട് ഗവര്‍ണര്‍ ക്ഷോഭിച്ചു. ഇതാണോ തനിക്ക് ഒരക്കിയ സുരക്ഷയെന്ന് ഗവര്‍ണര്‍ പൊലീസിനോടും ചോദിച്ചു. തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹമാണ് ഗുണ്ടകളെ തന്റെ അടുത്തേക്ക് അയച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടാരാജ് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ല. കാറില്‍ നിന്ന് താന്‍ പുറത്തിറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ഓടിയതെന്തിനാണെന്ന് ഗവര്‍ണര്‍ ചോദിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും നാലുവര്‍ഷം മുന്‍പ് കണ്ണൂരില്‍ തന്നെ കയ്യേറ്റം ചെയ്തവര്‍ക്കെതിരേയും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിമിനലുകളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഇങ്ങനെ ആരെങ്കിലും വരാന്‍ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ വാഹനത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചത് വലിയ പ്രോട്ടോക്കോള്‍ ലംഘനമായി രാജ്ഭവന്‍ വരുംദിവസങ്ങളില്‍ ഉയര്‍ത്തിക്കാട്ടും.