തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംങ്ങ് കോളജുകൾ അടച്ചിട്ട് വിദ്യാത്ഥി സമൂഹത്തെ വെല്ലുവിളിച്ച സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരെ കടുത്ത നിലപാടുമായി എസ് എഫ് ഐ.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എല്ലാ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളജുകളിലേക്കും മാർച്ച് ചെയ്യാൻ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ കോൺസെൻട്രേഷൻ ക്യാമ്പുകളാക്കാനാണ് മാനേജ്മെൻറ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസും സെക്രട്ടറി എം.വിജിനും മുന്നറിയിപ്പു നൽകി.
നെഹ്റു മാനേജുമെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്.അനീതിക്കെതിരെ പ്രതികരിക്കാൻ മുന്നോട്ട് വരുന്ന വിദ്യാർത്ഥികളെ ആരോപണങ്ങൾ ഉന്നയിച്ച് ക്യാമ്പസിനുള്ളിലെ ഇടിമുറിയിൽ കയറ്റി മർദ്ദിക്കുന്നത് കേരളത്തിൽ വിലപ്പോവില്ല.
മാനേജുമെൻറ് ഗുണ്ടകളുടെ മർദ്ദന പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വാശ്രയ കോളജുകളിൽ നിന്നും പുറത്ത് വരുന്നത്. ഇത്തരം നടപടികളെ ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും എസ്എഫ്ഐ നേതാക്കൾ വ്യക്തമാക്കി.
പാമ്പാടി നെഹ്റു എഞ്ചിനീയറിംങ്ങ് കോളജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി സ്വാശ്രയ മാനേജുമെന്റുകൾക്കെതിരെ നടന്ന പ്രതിഷേധം പലയിടത്തും ആക്രമണത്തിൽ കലാശിച്ചതിനെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് സ്വാശ്രയ എഞ്ചിനിയറിംങ്ങ് കോളജുകൾ അടച്ചിടാൻ സ്വാശ്രയ മാനേജ്മെന്റുകൾ തീരുമാനിച്ചിരുന്നത്.
ഭരണപക്ഷ അനുകൂല വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ ഈ വെല്ലുവിളി ഏറ്റെടുത്തതോടെ ഭീഷണിക്ക് മുന്നിൽ സർക്കാരും വഴങ്ങില്ലന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
കോളജുകൾ അടച്ചിടാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ കടുത്ത നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ഭരണപക്ഷ സംഘടനകളുടെ ആവശ്യം.