തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ മണ്ണില്‍ പിടഞ്ഞു വീണ അഭിമന്യു തുടങ്ങിയ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും ഇതിനായി കേരളീയ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എസ്.എഫ്.ഐ.
സമൂഹം ഒറ്റക്കെട്ടായി അഭിമന്യുവിനു വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ ചില വിദ്യാര്‍ത്ഥി സംഘടനകള്‍ സമൂഹ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം തുടങ്ങിയത് പ്രതിഷേധാര്‍ഹമാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.
ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതയും മത തീവ്രവാദവും കേരളത്തിലെ കാമ്പസുകളില്‍ വേരുറപ്പിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ല. ഈ പോരാട്ടത്തിനിടക്ക് 33 സഖാക്കളെ എസ്.എഫ്.ഐക്ക് നഷ്ടമായി. ഞങ്ങളില്‍ ഒരു പൊടി ജീവന്‍ അവശേഷിക്കും വരെയും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് എസ്.എഫ്.ഐ നേതാവ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ;
2013 നവംബര്‍ 4ന് എസ് എഫ് ഐ യുടെ മണലൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന സ.ഫാസിലിന്റെ രക്തസാക്ഷിത്വത്തിനു ശേഷം 5വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെ തലയെടുപ്പുള്ള കലാലയത്തില്‍ ഒരു വിദ്യാര്‍ത്ഥി നേതാവ് കൂടി രക്തസാക്ഷിത്വം വരിച്ചിരിക്കുന്നു. ഒരു മിടുക്കനായ വിദ്യാര്‍ത്ഥി, മഹാരാജാസ് കോളേജിലെ എന്‍ എസ് എസ് ലീഡര്‍, ഹോസ്റ്റല്‍ സെക്രട്ടറി,വിദ്യാര്‍ത്ഥി നേതൃത്വം, എസ് എഫ് ഐ ഇടുക്കി ജില്ലാകമ്മിറ്റിഅംഗം അതിലുപരി ഒരു കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയുടെ പേരായിരുന്നു അഭിമന്യു. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അപ്പുറം വട്ടവട എന്ന കര്‍ഷക ഗ്രാമത്തില്‍ ജനിക്കുകയും ജീവിതത്തില്‍ വന്നുചേര്‍ന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തന്റെ പഠനമെന്ന മഹത്തായ ലക്ഷ്യത്തിനായി മഹാരാജാസിന്റ മണ്ണിലേക്ക് കടന്നുവന്ന അഭിമന്യുവിനെ രാത്രി എസ് എഫ് ഐ യുടെ അധ്യയന വര്‍ഷാരംഭ പ്രചരണപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെ മതതീവ്രവാദികളായ ക്യാമ്പസ്ഫ്രണ്ട് ഗുണ്ടാ സംഘം ഇരുളിന്റെ മറവില്‍ അരുംകൊല ചെയ്യുകയായിരുന്നു. മരണപെടുന്നതിന്റെ മിനുട്ടുകള്‍ക്ക് മുന്‍പ് മഹാരാജാസിന്റെ ചുവരില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി ചേര്‍ത്തതായിരുന്നു മതതീവ്രവാദികളെ ചൊടിപ്പിച്ചത്. സഖാവിന്റെ രക്തസാക്ഷിത്വം വിരല്‍ ചൂണ്ടുന്നത് ഭാവിയില്‍ എസ് എഫ് ഐ ധീരമായി തരണം ചെയ്യേണ്ടുന്ന പ്രതിസന്ധികളെ കൂടിയാണ്.
ഭൂരിപക്ഷ-ന്യുനപക്ഷ വര്‍ഗീയതയും, മതതീവ്രവാദവും, ഒരിക്കലും കേരളത്തിലെ കലാലയങ്ങളില്‍ വേരുറപ്പിക്കരുതെന്ന് ആര്‍ജവത്തോടെ ആഗ്രഹിക്കുന്നവരാണ് എസ് എഫ് ഐ. ഇവര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളിലത്രയും 33 സഖാക്കളുടെ ജീവന്‍ നല്‍കേണ്ടി വന്നു എസ് എഫ് ഐ ക്ക്. കേരളത്തെ ഒരുപോലെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും വിലയിരുത്തപ്പെട്ടത് വ്യത്യസ്തമായ രീതികളിലായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും മുന്‍ വിദ്യാര്‍ത്ഥി നേതാവുമായിരുന്ന എ കെ ആന്റണിയുടെ പരാമര്‍ശത്തില്‍ എസ് എഫ് ഐ അത്ഭുതപെടുന്നില്ല കാരണം നാളിതുവരെ ഉയര്‍ന്നുവന്ന വ്യത്യസ്തങ്ങളായ രാഷ്ട്രീയ പ്രശ്‌നങ്ങളോടെല്ലാം അദ്ദേഹം പ്രതികരിച്ചത് അത്രമേല്‍ താഴ്ന്ന നിലവാരത്തിലായിരുന്നു.
മഹാരാജാസ്സ് കോളേജിലെ ക്യാമ്പസ്ഫ്രണ്ടിന്റെ അക്രമം ഒറ്റപെട്ടതാ യിരുന്നെന്ന സന്ദേശം മുന്നോട്ടുവെച്ചവര്‍ 2009 നവംബര്‍ 2ന് എസ് എഫ് ഐ തൃശൂര്‍ ജില്ല സെക്രെട്ടറിയേറ്റംഗമായിരുന്ന എ ബി ബിജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം വിസ്മരിച്ചുകൂടാ. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കേരളത്തില്‍ ആലപ്പുഴയില്‍ എസ് എഫ് ഐ യുടെ ഏരിയ സെക്രട്ടറിയിലുള്‍പ്പെടെ 2പേരെ എസ് ഡി പി ഐ ക്കാര്‍ വെട്ടിപ്പരിക്കേല്പിച്ചതും ഒരു ഒറ്റപെട്ട സംഭവമായി കണക്കാക്കാന്‍ സാധിക്കുന്നതല്ല. തിരുവനന്തപുരത്തു കുഞ്ചാലുംമൂട് ഡി വൈ എഫ് ഐ പ്രകടനത്തിനുനേരെ ആക്രമം അഴിച്ചുവിട്ട പോപ്പുലര്‍ഫ്രണ്ട് നടപടിയെയും എസ് എഫ് ഐ ക്ക് ഒറ്റപെട്ട സംഭവങ്ങളുടെ ഗണത്തില്‍ ഉള്‍പെടുത്താന്‍ കഴിയില്ല. കേരളത്തിന്റെ പൂര്‍വകാല ചരിത്രത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്ന കുറ്റം ആരോപിച്ചുകൊണ്ടു ന്യുമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടി എടുത്ത കൃത്യവും തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ നടപ്പിലാക്കിയ ആക്രമപരമ്പരകളോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
ക്രമസമാധാനം നിലനിര്‍ത്താനായിട്ടുള്ള കേരള പോലീസിന്റെ നടപടി, ദ്രുതഗതിയില്‍ നടപ്പിലാക്കിയ അറസ്റ്റ് പഴുതടച്ചുകൊണ്ടുള്ള അന്വേഷണം, ഇവയെല്ലാം പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്. സമൂഹം ഒറ്റകെട്ടായി അഭിമന്യുവിന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോഴും കേരളത്തിലെ ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ നിന്നും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
വര്‍ഗീയതയും മതതീവ്രവാദത്തിനും എതിരായ ഉജ്വലമായ പ്രതിരോധം കേരളത്തിന്റെ കലാലയ ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്. കലാലയങ്ങളെ മതനിരപേക്ഷതയുടെ കേന്ദ്രങ്ങളായി നിലനിര്‍ത്താന്‍ രക്തം നല്‍കി അഭിമന്യു തുടങ്ങി പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകട്ടെ……