പോണ്ടിച്ചേരി : പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റായി പരിചയ് യാദവ്(എസ്എഫ്‌ഐ), ജനറല്‍ സെക്രട്ടറിയായി കുരള്‍ അന്‍പന്‍(എപിഎസ്എഫ്), ജോയിന്റ് സെക്രട്ടറിയായി കുര്യാക്കോസ് ജൂനിയര്‍(എസ്എഫ്‌ഐ), വൈസ് പ്രസിഡന്റുമാരായി ജി. മമത(എസ്എഫ്‌ഐ), ജെ കുമാര്‍(എഐഎസ്എഫ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എക്‌സിക്യൂട്ടീവ് കൗണ്‌സില്‍ അംഗങ്ങളായി രൂപം ഹസാരിക(എസ്എഫ്‌ഐ), അല്‍ റിഷാല്‍ ഷാനവാസ്(എസ്എഫ്‌ഐ), ശ്വേത വെങ്കടേശ്വരന്‍(എസ്എഫ്‌ഐ), അനഘ എസ്(എസ്എഫ്‌ഐ), ധനവര്‍ധിനി(എപിഎസ്എഫ്), റിതീഷ് കൃഷ്ണ(സ്വതന്ത്രന്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നായി പുറത്തുവരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ഫലമാണ് പോണ്ടിച്ചേരിയിലേത്.
എഎസ്എ-എംഎസ്എഫ്-ഫ്രറ്റേര്‍ണിറ്റി സഖ്യത്തോടൊപ്പം എസ്എന്‍സ്യു(ഐ)യും ചേര്‍ന്നാണ് ഇപ്രാവശ്യം എസ്എഫ്‌ഐക്കെതിരെ മത്സരിച്ചത്. എബിവിപിയും പ്രാദേശിക വിദ്യാര്‍ത്ഥി സംഘടനയായ പിയുഎസ്എഫും ചേര്‍ന്ന സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ നേരിട്ട് വോട്ട് ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ആദ്യ ഘട്ടത്തില്‍ ഇരു സഖ്യത്തെയും പരാജയപ്പെടുത്തി എസ്എഫ്‌ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു.
27 സീറ്റുകളാണ് എസ്എഫ്‌ഐ ഒറ്റയ്ക്ക് നേടിയത്. ആകെയുള്ള 70 പ്രതിനിധികളില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ മാത്രമാണ് എബിവിപിക്ക് വിജയിപ്പിക്കാനായത്. ആദ്യഘട്ടം തെരഞ്ഞെടുപ്പിന് ശേഷം പണമൊഴുക്കി പ്രതിനിധികളെ വിലക്കെടുക്കാനും ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനും എബിവിപിയും എന്‍സ്യുഐയും ശ്രമിച്ചിരുന്നു.