സ്വപ്നം ഏത് മുരളിക്കും കാണാം, പക്ഷേ നടപ്പാക്കാന്‍ കഴിയില്ല . . .

യൂണിവേഴ്‌സിറ്റി കോളെജിനോട് കെ.മുരളീധരന്‍ എം.പിക്ക് ഒരു പ്രത്യേക വൈരാഗ്യമുണ്ട്. അത് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും കലിതുള്ളി മുരളീധരന്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളെജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്നും മാറ്റുമെന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒരു ആവേശമൊക്കെ തോന്നുമെങ്കിലും കാര്യത്തോട് അടുത്താല്‍ ശരിക്കും പൊള്ളുക തന്നെ ചെയ്യും.

വെറുതേ ചുവന്നതല്ല യൂണിവേഴ്സിറ്റി കോളെജ്, ലഹരി മരുന്ന് സംഘങ്ങളെ തുരത്തിയും കെ.എസ്.യുവിന്റെ അതിക്രമങ്ങളെ നേരിട്ടുമാണ് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളെജില്‍ വളര്‍ന്നത്. സംഘര്‍ഷഭരിതമായ ഒട്ടനവധി വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് ഹൃദയത്തില്‍ കൂടൊരുക്കിയ ക്ഷുഭിത യൗവനങ്ങളെ ക്യാമ്പസ് മാറ്റിയതുകൊണ്ടു മാത്രം ആര്‍ക്കും പിഴുതെറിയാനാവില്ല. എസ്.എഫ്.ഐയെ വിമര്‍ശിക്കുന്നവര്‍ ആ ചരിത്രമാണ് ആദ്യം പഠിക്കേണ്ടത്.

യൂണിവേഴ്‌സിറ്റി കോളെജ് ഇവിടെ നിന്നും പറിച്ച് നടുന്നതു കൊണ്ടൊന്നും കെ.എസ്.യു ഈ ക്യാമ്പസില്‍ പച്ച തൊടാന്‍ പോകുന്നില്ലെന്ന് കെ. മുരളീധരന്‍ ശരിക്കും മനസ്സിലാക്കണം. ഒരിക്കല്‍ മുരളീധരന്‍ ഉള്‍പ്പെടെ യു.ഡി.എഫ് സര്‍ക്കാര്‍ ആകെ ശ്രമിച്ചിട്ടും നടക്കാത്തത് വീണ്ടും നടത്തുമെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ്. കെ.എസ്.യുവിന്റെ ആറംഗ പടയല്ല എസ്.എഫ്.ഐയുടേത് എന്ന് തിരിച്ചറിയുന്നതും നല്ലതാണ്.

യൂണിവേഴ്സിറ്റി കോളെജിനെ സംരക്ഷിക്കാന്‍ തീര്‍ത്ത മഹാപ്രതിരോധത്തില്‍ 3,500 ഓളം വിദ്യാര്‍ത്ഥികളില്‍ 15 വിദ്യാര്‍ത്ഥികളൊഴികെ ആ ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായാണ് പങ്കെടുത്തത്. പങ്കെടുക്കാതിരുന്ന 15 പേരില്‍ വെറും ആറുപേര്‍ മാത്രമായിരുന്നു കെ.എസ്.യുക്കാര്‍.

യൂണിവേഴ്‌സിറ്റി കോളെജിനെ തൊട്ടാല്‍ പൊള്ളുന്നത് ആ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ലെന്നത് മഹാപ്രതിരോധം ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു നാടിന്റെ പൊരുതുന്ന മനസ്സുകള്‍ ഒന്നാകെ കോളെജ് സംരക്ഷണത്തിനായി നിലയുറപ്പിച്ചാല്‍ ഒരു ഭരണകൂടത്തിനും ഒന്നും ചെയ്യാന്‍ കഴിയുകയില്ല. യു.ഡി.എഫ് ഭരണം സ്വപ്നം കാണുന്ന മുരളീധരന്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് പോകുന്ന കോണ്‍ഗ്രസ്സുകാരന്റെ ജല്‍പനം മാത്രമായേ മുരളീധരന്റെ പ്രസ്താവനയെയും കാണാന്‍ പറ്റുകയുള്ളൂ. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നാണംകെടാത്ത രീതിയില്‍ കുറച്ചു വോട്ടെങ്കിലും നേടാനാണ് കെ.എസ്.യുക്കാരോട് പറയേണ്ടത്. അതിന് ആവശ്യമായ സഹായങ്ങളാണ് മുരളീധരനും കോണ്‍ഗ്രസ്സ് നേതാക്കളും അവര്‍ക്ക് ചെയ്ത് കൊടുക്കേണ്ടത്.

ഇതിനുവേണ്ടി കാവിയണിഞ്ഞവനെ കെ.എസ്.യു ആക്കിയതിലും തെറ്റില്ല. കാരണം മാര്‍ഗ്ഗം ഏതായാലും ലക്ഷ്യമാണല്ലോ പ്രധാനം. ഇനി ഇടതുപക്ഷ സംഘടനയായ എ.ഐ.എസ്.എഫ് ഉള്‍പ്പെടെ സകല എസ്.എഫ്.ഐ വിരുദ്ധരെയും കെ.എസ്.യുവിന് ഒപ്പം കൂട്ടാം. വിശാല സഖ്യം തന്നെ രൂപീകരിച്ച് മത്സരിക്കുകയും ചെയ്യാം. എന്നിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മിണ്ടിപ്പോകരുത്.

തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയാത്തതിന് കോളെജ് തന്നെ മാറ്റണമെന്ന് പറയുന്നവര്‍ നാളെ കണ്ണൂര്‍ ജില്ല തന്നെ കര്‍ണ്ണാടകത്തിലേക്ക് മാറ്റണമെന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. സംഘര്‍ഷമുണ്ടാകുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളും മാറ്റാന്‍ തുടങ്ങിയാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെയാണ്.

ഒറ്റപ്പെട്ട നിരവധി സംഭവങ്ങള്‍ കേരളത്തിലെ എത്രയോ ക്യാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങള്‍ വരെ അരങ്ങേറിയിട്ടുണ്ട്. പിടഞ്ഞു വീണതില്‍ ബഹുഭൂരിപക്ഷവും എസ്.എഫ്.ഐക്കാരായിരുന്നു. അപ്പോഴൊന്നും കോളെജുകള്‍ മാറ്റാന്‍ ഒരു ഭരണകൂടവും തയ്യാറായിട്ടില്ല, ആരും ആവശ്യപ്പെട്ടിരുന്നുമില്ല. അങ്ങനെ തുടങ്ങിയാല്‍ പിന്നെ മാറ്റകോളെജ് സ്ഥാപിക്കാനേ സമയമുണ്ടാവുകയുള്ളൂ.

ഇവിടെ തിരുത്തേണ്ടത് വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വമാണ്. യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്.എഫ്.ഐ അത് ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ ആ സംഘടന പുറത്താക്കി. കുത്തേറ്റ അഖില്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി പുതിയ കമ്മറ്റിയും ഉണ്ടാക്കി. എന്നാല്‍ ആക്രമിക്കപ്പെട്ട അഖിലിന് പോലും ഇല്ലാത്ത വികാരമാണ് ഇപ്പോള്‍ മുരളീധരനുള്ളത്. കോളെജ് മാറ്റണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ കേരളം എന്തായാലും ഈ ആവശ്യം വകവെച്ച് തരികയില്ല.

പോരാളികളുടെ ക്യാമ്പസാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്. കുറേ കാലങ്ങളായി അത് അങ്ങനെ തന്നെയാണ്. ഭരണകൂടങ്ങള്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപട് സ്വീകരിക്കുമ്പോള്‍ ആദ്യ പ്രതികരണം ഉയരുന്നതും ഈ ക്യാമ്പസില്‍ നിന്നാണ്. കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാറുകള്‍ ഈ പ്രതിഷേധങ്ങള്‍ അനുഭവിച്ചവരാണ്. പൊലീസിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആ പോരാട്ട വീര്യത്തെയാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഭയപ്പെടുന്നത്. അടുത്തത് യു.ഡി.എഫ് സര്‍ക്കാറാണെന്ന് സ്വപ്നം കാണുന്ന നേതാവിന്റെ മുന്‍കരുതലിന്റെ ഭാഗമാണ് പുതിയ പ്രതികരണം.

യൂണിവേഴ്‌സിറ്റി കോളെജ് പറിച്ച് നടുന്ന കാര്യം ചിന്തിക്കുന്നതിന് പകരം ജനമനസ്സുകളില്‍ നിന്നും പറിച്ചെറിയപ്പെടാതെ നോക്കുന്നതിനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ജാഗ്രത കാണിക്കേണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിജയം നേടിയ കോണ്‍ഗ്രസ്സ് ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയ തലത്തില്‍ നയിക്കാന്‍ ഒരു അദ്ധ്യക്ഷന്‍ പോലും ആ പാര്‍ട്ടിയ്ക്ക് ഇപ്പോഴില്ല.

കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ വീണു കഴിഞ്ഞു. ഗോവയില്‍ ഒറ്റയടിക്കാണ് 15ല്‍ 10 എം.എല്‍.എമാരും കാവിയണിഞ്ഞത്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് തന്നെ ബി.ജെ.പിയായി മാറിക്കഴിഞ്ഞു. ഗുജറാത്തിലും ഡല്‍ഹിയിലും സ്ഥിതി വ്യത്യസ്ഥമല്ല. മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാറുകളും ആടി തുടങ്ങിയിട്ടുണ്ട്. പണത്തിനും പദവിക്കും മീതെ ഒരു ഖദറും പറക്കില്ലെന്ന് വീണ്ടും വീണ്ടും ഇതോടെ തെളിയിക്കപ്പെടുകയാണ്. എന്തിനേറെ കണ്ണൂര്‍ മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടി പോലും കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തി കഴിഞ്ഞു. മറ്റു ചിലരാകട്ടെ ക്യൂവിലുമാണ്.

രാഹുലിനെ രക്ഷകനായി കണ്ട് കേരളത്തില്‍ കളം മാറ്റി ചവിട്ടിയ ന്യൂനപക്ഷവിഭാഗമാണ് ഇതോടെ വഞ്ചിക്കപ്പെട്ടിരിക്കുന്നത്. ഈ വഞ്ചനയ്ക്ക് തിരിച്ച് പണി കൊടുക്കാന്‍ റെഡിയായിരിക്കുകയാണവര്‍. ഉടന്‍ നടക്കാനിരിക്കുന്ന ആറ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

അരൂര്‍ ഒഴികെ മറ്റ് അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ പോലും പ്രത്യാഘാതം ഭീകരമായിരിക്കും. യു.ഡി.എഫ് സംവിധാനത്തെ തന്നെ അത് പിടിച്ചുലയ്ക്കും. നയിക്കാന്‍ നായകനില്ലാത്ത അവസ്ഥയില്‍ നടു കടലില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ് നില്‍ക്കുന്നത്. ഉത്തരേന്ത്യയില്‍ മാത്രമല്ല, കേരളത്തില്‍ പോലും ഭിന്നത പ്രകടമാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ ചോദ്യം ചെയ്ത് അനില്‍ അക്കരെ എം.എല്‍.എ തന്നെ രംഗത്ത് വന്നു കഴിഞ്ഞു. അടിത്തട്ടിലും പ്രതിഷേധം വ്യാപകമാണ്.

ആദ്യം പ്രതിസന്ധിയില്‍പ്പെട്ട് ഉലയുന്ന ഈ വഞ്ചി കരക്കടുപ്പിക്കാനാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിക്കേണ്ടത്. എന്നിട്ട് വേണം യൂണിവേഴ്‌സിറ്റി കോളെജിനെ നാടുകടത്തുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍. യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കാന്‍ വരുന്നവരില്‍ 95 ശതമാനവും ചുവപ്പിനെ സ്‌നേഹിക്കുന്നത് ആ പ്രത്യയശാസ്ത്രത്തിന്റെ കരുത്തുകൊണ്ട് മാത്രമാണ്. നിങ്ങള്‍ക്കില്ലാതെ പോകുന്നതും അതു തന്നെയാണ്.

Political Reporter

Top