തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ അടച്ചിടാനുള്ള മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാടിനെതിരെ എസ് എഫ് ഐ.
ക്രിമിനലായ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തത് ശരിയായ തീരുമാനമാണ്. ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളത്തിലെ പൊതു സമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു.
ഈ ധിക്കാരം വിദ്യാര്‍ത്ഥി സമൂഹം കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും
സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന് ഇടി മുറികള്‍ സ്ഥാപിച്ചത് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്റെ താല്‍പര്യപ്രകാരമാണോ എന്നും എസ് എഫ് ഐ നേതാവ് ചോദിച്ചു.
ഇവിടെ കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്ന് സമൂഹം പറയുമ്പോള്‍ അവരെ സംരക്ഷിക്കാനാണ് അസോസിയേഷന്‍ ശ്രമിക്കുന്നത്.
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നവനെ സംരക്ഷിക്കുന്നവരെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശത്രുക്കളായി മാത്രമേ കാണാന്‍ സാധിക്കൂ.ഇതിനെതിരെ ശക്തമായ പ്രതികരണമുണ്ടാകും.
കൃഷ്ണദാസ് ഇപ്പോള്‍ ചെയ്തതിനപ്പുറവും ചെയ്തിട്ടുണ്ട്. എല്ലാം പുറത്തു വരിക തന്നെ ചെയ്യും. ജിഷ്ണുവടക്കം ക്രൂരതക്കിരയായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍ണ്ണമായും നീതി ലഭിക്കും വരെ എസ്.എഫ് ഐ പോരാടുക തന്നെ ചെയ്യും
‘പഠിപ്പുമുടക്കില്ല, വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ല’ എന്നൊക്കെ പറഞ്ഞ് വാദം നിരത്തുന്നവര്‍ ഇപ്പോള്‍ കോളജ് അടച്ചിടുവാന്‍ ആഹ്വാനം ചെയ്യുന്നത് തന്നെ ഇരട്ട താപ്പാണെന്നും സമ്മര്‍ദ്ദം ചെലുത്തി പിന്നോട്ടടിപ്പിച്ചു കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ച കൃഷ്ണദാസിനെ ലക്കിടിയിലെ നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്.
ഇതിനെതിരെ ഹൈക്കോടതി പെട്ടെന്ന് തന്നെ പൊലീസിനെ വിമര്‍ശിച്ചത് നിയമ കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസിനെതിരെ ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചും രംഗത്ത് വരികയുണ്ടായി.
മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുള്ളതായി സൂചനയുള്ളതായ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.