കൽപറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി യോഗം ചേർന്നു. സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞത്. എസ്എഫ്‌ഐ മാർച്ചിൽ സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തിരുന്നു. ഇത്തരം കാര്യങ്ങൾ പരിശോധിക്കുമെന്ന് അനുശ്രീ അറിയിച്ചു. അതേസമയം എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ലെന്നും തുടങ്ങിയ കാര്യങ്ങൾ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.