‘ക്രിമിനല്‍’ വിളി സംസ്‌കാരത്തിന്റെ ഭാഗം; ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമായി തുടരും: പി.എം. ആര്‍ഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ഗവര്‍ണറുടെ ക്രിമിനല്‍ പരാമര്‍ശം അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തങ്ങള്‍ അതില്‍ മാര്‍ക്കിടുന്നില്ല എന്നും  പി എം ആര്‍ഷോ പറഞ്ഞു.

തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക വാഹനത്തില്‍നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ആര്‍ഷോയുടെ പ്രതികരണം. ഇത് എസ്.എഫ്.ഐ. പ്രഖ്യാപിച്ചിരിക്കുന്ന സമരമാണെന്നും സ്വന്തമായി മേല്‍വിലാസമുള്ള സംഘടനയാണ് എസ്.എഫ്.ഐ. എന്നും ആര്‍ഷോ പറഞ്ഞു. സെനറ്റ് നോമിനേഷനിലെ ഗവര്‍ണറുടെ ഇടപെടലുകളെ ചോദ്യം ചെയ്തുള്ള സമരം തുടരുമെന്നും ആര്‍ഷോ വ്യക്തമാക്കി.

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അരങ്ങേറിയത്. തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ കാറില്‍നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

Top