വിമർശനങ്ങൾ എസ്.എഫ്.ഐക്ക് വളമായി, എം.ജിയിലും നേടിയത് വൻ വിജയം !

കൊച്ചി: ഏത് നുണ പ്രളയത്തിലും കാമ്പസുകള്‍ എസ്.എഫ്.ഐക്ക് മുന്നില്‍ വന്‍മതിലാണെന്ന് തെളിയിച്ച് വീണ്ടും മഹാവിജയം.

എം.ജി സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ തകര്‍പ്പന്‍ വിജയം നേടിയത്. അഭിമന്യുവിന്റെ മഹാരാജാസില്‍ മുഴുവന്‍ സീറ്റുകളുമാണ് എസ്.എഫ്.ഐ തൂത്ത് വാരിയിരിക്കുന്നത്.

ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിയന്‍ കെഎസ് യുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എന്‍എസ്എസിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

ഇടുക്കിയില്‍ 34 ല്‍ 28 ക്യാംപസുകളില്‍ എസ്എഫ്ഐ വിജയിച്ചു. അല്‍ അസ്ഹര്‍ ആര്‍ട്‌സ് കോളേജ് -തൊടുപുഴ, സെന്റ് ജോസഫ് അക്കാദമി – മുട്ടം, സെന്റ് ജോസഫ് ആര്‍ട്‌സ് കോളേജ് – മുട്ടം, കഒഞഉ കോളേജ് -മുട്ടം, മാര്‍ ബസേലിയോസ് കോളേജ് – അടിമാലി, കാര്‍മല്‍ഗിരി കോളേജ് – അടിമാലി, സഹ്യ ജ്യോതി കോളേജ് -പീരുമേട് , സെന്റ്.ജോസഫ് കോളേജ് – മൂലമറ്റം, ശ്രീ നാരായണ കോളേജ് – കോടിക്കുളം എന്നീ കോളെജുകളില്‍ എസ്എഫ്‌ഐ മികച്ച വിജയമാണ് നേടിയത്.

പത്തനംതിട്ട ജില്ലയില്‍ ആകെ ഇരുപത് കോളേജുകളാണുള്ളത്. ഇതില്‍ മൂന്നു കോളേജുകളില്‍ തെരഞ്ഞെടുപ്പ് റദ്ദുചെയ്തു. ഒരു കോളേജില്‍ എസ് എഫ് ഐ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ജില്ലയിലെ 17ൽ 14 കോളേജുകളിലും എസ്‌എഫ്‌ഐ യൂണിയനായി. എസ്‌ടിഎഎസ്‌ പത്തനംതിട്ട, ചുട്ടിപ്പാറ കോളേജ്‌, എസ്‌എഎൽഎസ്‌ ചുട്ടിപ്പാറ, എസ്‌എഎസ്‌ കോന്നി, എസ്‌എൻഡിപി കോന്നി,സെന്റ്‌ തോമസ്‌ കോന്നി അടക്കമുള്ള കോജേളുകളിലും എസ്‌എഫ്‌ഐക്കാണ്‌ ജയം.

കോട്ടയം ജില്ലയില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ എസ്എന്‍ കേളേജിലുള്‍പ്പെടെ പതിനെട്ടോളം കാമ്പസുകളില്‍ എതിരില്ലാതെ എസ്എഫ് ഐ നേരത്തെ വിജയിച്ചിരുന്നു. ഇതോടെ കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 37ല്‍ 36 കോളേജുകളിലും എസ്എഫ്ഐ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ്.

എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 41 കോളേജുകളില്‍ 37 ഇടത്തും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ തിളക്കമാര്‍ന്ന ജയമാണ് സ്വന്തമാക്കിയത്. എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ 13 കോളേജുകളില്‍ മുഴുവന്‍ സീറ്റും സമ്മാനിച്ചാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയപ്രസ്ഥാനത്തെ നെഞ്ചോടു ചേര്‍ത്തത്. 6 കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ മുന്‍പ് തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൈപ്പിന്‍ ഗവ. കോളേജ്, എസ്എന്‍എം മാല്യങ്കര, പള്ളുരുത്തി സിയന്ന, ഇടക്കൊച്ചി അക്വിനാസ്, തൃപ്പൂണിത്തുറ ആര്‍എല്‍വി, സംസ്‌കൃത കോളേജ്, ഐരാപുരം എസ്എസ്വി, കവളങ്ങാട് എസ്എന്‍ഡിപി കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ്, കോട്ടപ്പടി മാര്‍ ഏലിയാസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, മണിമലക്കുന്ന് ഗവ. കോളേജ് എന്നിവിടങ്ങളിലാണ് മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചത്.

എറണാകുളം മഹാരാജാസ് കോളേജില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച എസ്എഫ്‌ഐ പാനല്‍ വന്‍ഭൂരിപക്ഷത്തിലാണ് ഇത്തവണയും ജയിച്ചത്. അഭിമന്യുവിന്റെ കാമ്പസില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ല എന്ന് അടിവരയിടുന്നതായി തെരഞ്ഞെടുപ്പ് ഫലം. വി ജി ദിവ്യയാണ് ചെയര്‍പേഴ്‌സണ്‍.

വൈസ് ചെയര്‍പേഴ്‌സണ്‍: എം ബി ലക്ഷ്മി, ജനറല്‍ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യന്‍, യുയുസിമാര്‍: യു അരുന്ധതി ഗിരി, എ സി സബിന്‍ദാസ്, മാഗസിന്‍ എഡിറ്റര്‍: കെ എസ് ചന്തു, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി: ടി എസ് ശ്രീകാന്ത്, ലേഡി റെപ്: അനഘ കുഞ്ഞുമോന്‍, ഏയ്ഞ്ചല്‍ മരിയ റോഡ്രിഗസ്.

യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം മുന്‍നിര്‍ത്തി എസ്.എഫ്.ഐയെ വേട്ടയാടിയവര്‍ക്കുള്ള കനത്ത പ്രഹരമാണ് ഈ വിജയം. അടുത്തയിടെ സംസ്ഥാനത്ത് തെരുവിലിറങ്ങിയ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐക്കെതിരായ നീക്കത്തിനുള്ള മാസ് മറുപടിയാണ് നല്‍കിയിരുന്നത്.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം തന്നെ ആയിരുന്നു കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും കെ.എസ്.യു – എ.ബി.വി.പി സംഘടനകള്‍ മുഖ്യ പ്രചരണമാക്കിയിരുന്നത്. കൊലയാളികളുടെ സംഘടന എന്ന രൂപത്തിലായിരുന്നു ചിത്രീകരണം. ഇതിനെ എസ്.എഫ്.ഐ ക്ക് നഷ്ടമായ 33 രക്തസാക്ഷികളുടെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ പ്രതിരോധിച്ചിരുന്നത്.

മാധ്യമങ്ങള്‍ ഉള്‍പ്പെടെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും എസ്.എഫ്.ഐയെ പിടിച്ചുകെട്ടാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ്സ് – ബി.ജെ.പി നേതൃത്വങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

എസ്.എഫ്.ഐയെ എല്ലാവരും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ അവസാനത്തെ അനുഭാവിയെയും രംഗത്തിറക്കാന്‍ എസ്.എഫ്.ഐ നേതൃത്വത്തിന് കഴിഞ്ഞു.മാധ്യമങ്ങളുടെ ഏകപക്ഷീയമായ വേട്ടക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്ത് കൂടിയാണിത്.

Top