സി.പി.എം നേതൃത്വത്തെ പോലും അമ്പരിപ്പിച്ച് രാജസ്ഥാനിലും എസ്.എഫ്.ഐ തേരോട്ടം !

ന്യൂഡല്‍ഹി: സി.പി.എം നേതൃത്വത്തെപോലും ഞെട്ടിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് എസ്.എഫ്.ഐക്ക് ചരിത്ര വിജയം.

സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ കുത്തക തകര്‍ത്ത് കാവിക്കോട്ട ചെങ്കോട്ടയാക്കിയ എസ്.എഫ്.ഐ മുന്നേറ്റത്തില്‍ സാക്ഷാല്‍ എ.കെ.ജി ഭവന്‍ വരെ അമ്പരന്നു എന്നതാണ് സത്യം.

പിന്‍മുറക്കാര്‍ ഇത്ര പെട്ടന്ന് ഇത്തരമൊരു വിജയം സാധ്യമാക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വംപോലും കരുതിയിരുന്നില്ല.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു അല്ല, മറിച്ച് രാജസ്ഥാനില്‍ കാര്യമായ സ്വാധീനമില്ലാത്ത സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എന്നത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
21397690_2002181130013733_1234359124_n
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഫലമറിഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ 21കോളേജുകള്‍ മികച്ച ഭൂരിപക്ഷത്തോടെ പിടിച്ചടക്കിയാണ് എസ്എഫ്‌ഐ കരുത്തറിയിച്ചത്.

ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്നതോടെ എസ്എഫ്‌ഐയുടെ വിജയത്തിന് കൂടുതല്‍ തിളക്കമേറാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം നാല് കോളേജുകള്‍ ജയിച്ച എസ്എഫ്‌ഐ ഇക്കുറി എബിവിപിക്കും മറ്റും ശക്തമായ പ്രഹരമാണ് നല്‍കിയത്.

ജോധ്പുര്‍, ബിക്കാനിര്‍, ഗംഗാനഗര്‍, സിക്കര്‍, ഹനുമന്‍ഗഢ്, നഗോര്‍, ചുരു തുടങ്ങി വിവിധ ജില്ലകളിലെ കോളേജുകള്‍ വന്‍ഭൂരിപക്ഷത്തിനാണ് എസ് എഫ് ഐ പിടിച്ചെടുത്തത്.

ഹനുമാന്‍ഗഢ് നെഹ്‌റു മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്, ശ്രീകല്യാണ്‍ ഗേള്‍സ് കോളേജ്, ജോധ്പുര്‍ ഫലോദി ഗവ.കോളേജ്, നഗോര്‍ ദിദ്വാന കോളേജ്, ബിക്കാനിര്‍ ബജ്ജു എംഡി കോളേജ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. പരാജയപ്പെട്ടവരെല്ലാം എ ബി വി പി സ്ഥാനാര്‍ത്ഥികളാണ്.
21397277_2002181126680400_1056312376_n
കഴിഞ്ഞവര്‍ഷം എസ്എഫ്‌ഐയുടെ അഖിലേന്ത്യാസമ്മേളനം നടന്നത് രാജസ്ഥാനിലെ സിക്കറിലാണ്. സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും കോളേജ് പഠനം ഉറപ്പാക്കുക, സ്‌കോളര്‍ഷിപ്പ് മുടങ്ങാതെ വിതരണം ചെയ്യുക, അക്കാദമിക്ക് മേഖലയിലെ അസമത്വങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ സമരങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സമ്മേളനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ തീവ്രവര്‍ഗീയ ശക്തികള്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ചീന്തിയ ചോരയ്ക്കുള്ള മറുപടിയാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുന്നത്.

ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ നാല് വരെ രണ്ട്ഘട്ടമായാണ് രാജസ്ഥാനില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
അതേസമയം എസ്.എഫ്.ഐ വിജയം ഗൗരവമായാണ് കാണുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഗൗരവമായി പരിശോധിക്കുമെന്നുമാണ് എ.ബി.വി.പി കേന്ദ്ര നേതൃത്വം പറയുന്നത്.

എന്‍.എസ്.യു കേന്ദ്ര നേതൃത്വമാകട്ടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് സൂചന.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top