എംഎസ്എഫിന് തിരിച്ചടി; മലയാളം സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്ക് ജയം

മലപ്പുറം:തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. നേരത്തെ നടന്ന തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തെരഞ്ഞടുപ്പ് നടത്തിയത്. ചെയര്‍പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ തുടങ്ങിയ സീറ്റുകളിലേക്കായിരുന്നു ഇലക്ഷന്‍ നടന്നത്.

നേരത്തെ മലയാളം സര്‍വകലാശാല യൂണിയന്‍ ആന്‍ഡ് സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരാഴ്ചക്കകം സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തി നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

Top