തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിനിലൂടെ എസ്എഫ്ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘടനയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പലരും നേരിട്ടും അല്ലാതെയും സംഭാവന നല്‍കി.
നിലവിലെ സാഹചര്യത്തില്‍ നമ്മളെ സംബന്ധിച്ച് ഈ സംഭാവന അമൂല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച കൈനീട്ടം ദുരിതം അനുഭവിക്കുന്നവര്‍ക്കായി സംഭാവന നല്‍കിയ ആ സുമനസുകള്‍ ഈ പ്രതിസന്ധികാലത്ത് ആത്മധൈര്യം പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് എസ്എഫ്ഐ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിനിലൂടെ ലഭിച്ച 6,39, 527 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. നേരത്തെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുസമ്മാനവുമായി ഡിവൈഎഫ്ഐ 500 പിപിഇ കിറ്റുകളും നല്‍കിയിരുന്നു. വിഷുദിനത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ് സംഭവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.