ആര്‍.എസ്.എസും ബി.ജെ.പിയും സിഖ് കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ജി.പി.സി

അമൃത്സര്‍: ആര്‍.എസ്.എസും ബി.ജെ.പിയും സിഖ് കാര്യങ്ങളിൽ അനാവശ്യമായ ഇടപെടൽ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുരുദ്വാരകളുടെ ഉന്നതതല സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആവശ്യപ്പെട്ടു. ത്യാഗങ്ങൾ സഹിച്ചാണ് ഗുരുദ്വാരാ ബോഡി നിലവിൽ വന്നതെന്നും അതിന്റെ സ്ഥാപനത്തിനായി ആരംഭിച്ച പോരാട്ടമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് അടിത്തറയിട്ടതെന്നും എസ്.ജി.പി.സി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാൾ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന് അയച്ച കത്തിൽ പറയുന്നു.

”എന്നാൽ ഖേദകരമെന്നു പറയട്ടെ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും നേതാക്കളും എസ്‌.ജി.പി.സിയിലെ കാര്യങ്ങൾ സങ്കീർണമാക്കാൻ നേരിട്ട് ഇടപെടുകയാണ്. നവംബർ 9ന് നടന്ന എസ്‌.ജി.പി.സി ഭാരവാഹികളുടെ വാർഷിക തെരഞ്ഞെടുപ്പിനിടെയാണ് ഈ ഇടപെടല്‍ ശ്രദ്ധയിൽപ്പെട്ടതെന്നു “ഗ്രെവാൾ കത്തിൽ ആരോപിക്കുന്നു.

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ ഇക്ബാൽ സിംഗ് ലാൽപുരക്കെതിരെയും കത്തിൽ വിമർശനമുണ്ട്. ഗുരുദ്വാര ബോഡി തകർക്കാൻ ശ്രമിച്ചുകൊണ്ട് സിഖ് സമുദായത്തിന്റെ മതപരമായ കാര്യങ്ങളിൽ ഇക്ബാൽ സിംഗ് ഇടപെടുന്നുവെന്ന് എസ്.ജി.പി.സിയും ശിരോമണി അകാലിദളും നേരത്തെ ആരോപിച്ചിരുന്നു. നവംബറിൽ നടന്ന എസ്‌.ജി.പി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇപ്പോൾ പുറത്താക്കപ്പെട്ട നേതാവ് ബിബി ജാഗിർ കൗറിന് പിന്തുണ തേടിയതായി എസ്എഡി പറഞ്ഞിരുന്നു.

എസ്‌.ജി.പി.സി തെരഞ്ഞെടുപ്പിൽ കാവി പാർട്ടി നേതാക്കൾ നേരിട്ട് ഇടപെട്ടുവെന്ന് ഗ്രെവാളിന്‍റെ കത്തില്‍ പറയുന്നു. എസ്‌.ജി.പി.സി സ്ഥാപിതമായിട്ട് 102 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഗുരുദ്വാരകൾ കൈകാര്യം ചെയ്യുന്നതിനും സിഖ് വിശ്വാസം, ആരോഗ്യം, വിദ്യാഭ്യാസം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്‌.ജി.‌പി.‌സി ഒരിക്കലും ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഗ്രവാള്‍ പറഞ്ഞു.

”നിങ്ങളുടെ അറിവില്ലാതെയാണ് ഇത് സംഭവിക്കുന്നതെങ്കിൽ, ഉടനടി ഇടപെടണം. മറിച്ച് നിങ്ങളുടെ അറിവോടെയാണെങ്കിൽ, നിങ്ങളുടെ ആശയപരമായ സമീപനത്തെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളുടെ സംഘടനയ്ക്ക് ലഭിച്ച (ആര്‍.എസ്.എസ്) ശരിയായ സമയമാണിത്. നമ്മുടെ ബഹു-സാംസ്‌കാരിക-ബഹു-മത സമൂഹത്തില്‍ ഉണ്ടാക്കുന്ന വിള്ളല്‍, ഭാവിയിൽ കൂടുതൽ ആഴത്തിലാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു” ഗ്രവാള്‍ കത്തില്‍ കുറിച്ചു.

Top