തിരുവനന്തപുരം : സാംസ്‌ക്കാരിക രംഗത്തെ ഇടത് മേധാവിത്വം തകര്‍ക്കുന്ന ശക്തമായ ഇടപെടലുമായി കോണ്‍ഗ്രസ്സ് രംഗത്ത്.
ഫാസിസത്തിനെതിരെ സാംസ്‌ക്കാരിക പ്രതിരോധം എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഇടതുസഹയാത്രികയായ സാംസ്‌ക്കാരിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി മഞ്ചേശ്വരം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യും.
തെരുവുനാടകം നടത്തുന്നതിനിടെ കൊല്ലപ്പെട്ട സി.പി.എം അംഗമായിരുന്ന പ്രമുഖ തെരുവുനാടക കലാകാരന്‍ സഫ്ദര്‍ ഹാഷ്മിയുടെ സഹോദരിയാണ് ശബ്‌നം.
ഗുജറാത്ത് കലാപത്തിനു ശേഷം നരേന്ദ്രമോദിക്കും തീവ്ര ഹിന്ദുത്വത്തിനുമെതിരെ ശക്തമായ നിലപാടുമായി പ്രവര്‍ത്തനരംഗത്തുണ്ട് ശബ്‌നവും അവരുടെ സന്നദ്ധ സംഘടനയായ അന്‍ഹദും.
കോണ്‍ഗ്രസ്സിന്റെ സാംസ്‌ക്കാരിക ജാഥക്ക് ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശബ്‌നം ഹാഷ്മിയെത്തുന്നത് ദേശീയതലത്തിലും ചര്‍ച്ചയാവുകയാണ്.
ഫാസിസത്തെ പ്രതിരോധിക്കാന്‍ വിശാലമായ മതേതര പ്ലാറ്റ് ഫോം ഒരുക്കുകയാണ് സംസ്‌ക്കാര സാഹിതിയെന്ന് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മതോതരവാദികളുടെ കൂട്ടായ്മ ഒരുക്കുകയാണ് ലക്ഷ്യം. ദേശീയതലത്തില്‍ തന്നെ ഇത്തരം കൂട്ടായ്മകള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കവുമായാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കെ.പി.സി.സിയുടെ സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി കലാജാഥ നടത്തുന്നത്.
പ്രതിരോധ ഗാനങ്ങളുമായി നാടന്‍പാട്ടു സംഘം, ഫാസിസത്തിനെതിരെ ഒരുമയോടെ നില്‍ക്കേണ്ടുന്ന സന്ദേശവുമായി തെരുവുനാടകം, സാംസ്‌ക്കാരിക പ്രഭാഷണങ്ങള്‍ എന്നിവ ജാഥയുടെ ഭാഗമായുണ്ടാവും.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം വരെ കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കലാജാഥ എത്തും. പടയൊരുക്കം യാത്രയുടെ തലേദിവസം അതേ സ്വീകരണ കേന്ദ്രങ്ങളില്‍ അതേസമയത്ത് കലാജാഥ എത്തിച്ചേരും.
രാജ്യത്തെ പ്രമുഖ ചരിത്രകാരന്‍മാരെയും സാംസ്‌ക്കാരിക നായകന്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും, കലാകാരന്‍മാരെയും പങ്കെടുപ്പിച്ച് ‘ഇന്ത്യ എഗെയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ (ഇന്ത്യ അസഹിഷ്ണുതക്കെതിരെ) എന്ന സന്ദേശവുമായി ജനുവരി രണ്ടാം വാരം കോഴിക്കോട്ട് ദേശീയ സാംസ്‌ക്കാരിക പ്രതിരോധ സംഗമം നടത്തുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.