ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവിലെന്ന് പൊലീസ്

കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഒളിവിലെന്ന് പൊലീസ്. ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരെ ചുമത്തുമെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്‌നയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. കേസില്‍ ഷബ്‌നയെ മര്‍ദിച്ച ബന്ധു ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ പോലെ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം, ദൃക്‌സാക്ഷിയായ മകള്‍ മൊഴി നല്‍കിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന കുടുംബം, ഇനിയൊരു ഷബ്ന ആവര്‍ത്തിക്കരുതെന്നും പറയുന്നു.

ഷബ്‌നയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നല്‍കിയത് ഷബ്‌നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തില്‍ പുരോഗതി ഇല്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും വ്യക്തമാക്കി.

Top