വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി ശബ്നിം ഇസ്മയില്‍

ഡല്‍ഹി: വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ശബ്നിം ഇസ്മയില്‍. ചൊവ്വാഴ്ച ഇന്ത്യയില്‍ നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് മിന്നും പ്രകടനം. മുംബൈ ഇന്ത്യന്‍സ് താരമായ ശബ്നിം, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പന്തെറിഞ്ഞപ്പോഴാണ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. മണിക്കൂറില്‍ 132.1 കിലോമീറ്റര്‍ വേഗത്തിലാണ് പന്തെറിഞ്ഞത്.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചു. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 20 ഓവറില്‍ 192 റണ്‍സെടുത്തു. മുംബൈയുടെ മറുപടി എട്ടിന് 163 എന്ന നിലയില്‍ അവസാനിച്ചു. ജെമീമ റോഡ്രിഗസ് (33 പന്തില്‍ 69*), മെഗ് ലാനിങ് (38 പന്തില്‍ 53) എന്നിവര്‍ ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചു. മുംബൈക്കായി അമന്‍ ജ്യോത് കൗര്‍ (27 പന്തില്‍ 42) ആണ് ടോപ് സ്‌കോര്‍ നേടിയത്. മലയാളി താരം സജന സജീവന്‍ (14 പന്തില്‍ 24) തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെങ്കിലും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല.ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഐ.സി.സി.യുടെ എട്ട് വനിതാ ടി20 ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട്. 2016-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത്തിലുള്ള ഡെലിവറിയും, 2022 ലോകകപ്പില്‍ മണിക്കൂറില്‍ 127 കിലോമീറ്റര്‍ വേഗത്തില്‍ രണ്ടുതവണ നടത്തിയ ഡെലിവറിയുമാണ് ശബ്നിമിന്റെ ഇതിനു മുന്‍പത്തെ ഏറ്റവും വേഗത്തിലുള്ള ഏറ്.

34-കാരിയായ ഈ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 127 ഏകദിനങ്ങളും 113 ടി20 മത്സരങ്ങളും ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട്. 16 വര്‍ഷം ദേശീയ ജഴ്സിയണിഞ്ഞ താരം 317 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 191, ടി20യില്‍ 123, ടെസ്റ്റില്‍ മൂന്ന് എന്നിങ്ങനെയാണ് വിക്കറ്റ് സമ്പാദ്യം.വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം മണിക്കൂറില്‍ നൂറ്റിമുപ്പതിനുമേലെ കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നത്. മത്സരത്തിലെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് ആണ് ഡല്‍ഹിക്കുവേണ്ടി ക്രീസിലുണ്ടായിരുന്നത്. ശബ്നിമിന്റെ അതിവേഗത്തിലുള്ള പന്ത് മെഗ് ലാനിങ്ങിന്റെ പാഡിലേക്കാണ് പതിച്ചത്.

Top