ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും കേരള പൊലീസിനെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അന്വേഷണ മികവാണ്. കോളിളക്കം സൃഷ്ടിച്ച അനവധി കേസുകളില്‍ ആ മിടുക്ക് കേരള പൊലീസ് കാണിച്ച് തന്നിട്ടുണ്ട്.
രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ഏത് കൊമ്പത്തെ പ്രതികളെയും കേരള പൊലീസിന് പിടികൂടാന്‍ കഴിയുമെന്ന് ഉന്നത ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ലോക്കപ്പ് മരണമടക്കം കേരള പൊലീസിന്റെ മാനം കെടുത്തിയ ചില നടപടികള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അവരുടെ അന്വേഷണ മികവിനെ ബാധിച്ചിട്ടില്ല.
ഏറ്റവും ഒടുവിലായി 2018 അവസാനിക്കുന്ന ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്നും വരുന്ന വാര്‍ത്ത കേരള പൊലീസിനെ സംബന്ധിച്ച് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയ കൊലപാതകമാണ് ചിറിയിന്‍കീഴ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള റൂറല്‍ ഷാഡോ പൊലീസ് തെളിയിച്ചത്. ഡിസംബര്‍ 21നാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിനു മുന്നില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിറയിന്‍കീഴ് ആനത്തലവട്ടം സ്വദേശി ബിനുവാണ് മരിച്ചതെന്ന് സ്ഥലതെത്തിയ പൊലീസ് തിരിച്ചറിഞ്ഞു.സംഭവസ്ഥലത്ത് രക്തക്കറ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമാണെന്ന സംശയം തുടക്കത്തില്‍ തന്നെ പൊലീസിനുണ്ടായി.
എന്നാല്‍, ഫോറന്‍സിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ബിനുവിന് കടുത്ത രീതിയില്‍ പൈല്‍സ് ഉണ്ടായിരുന്നതിനാല്‍ അതു പൊട്ടിയാണ് രക്തക്കറ ഉണ്ടായതെന്ന് കണ്ടെത്തുക ആയിരുന്നു.
ഫോറന്‍സിക് പരിശോധന മാത്രം മുഖിലക്കെടുക്കാതെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരെ പൊലീസ് കാത്തു. ആ റിപ്പോര്‍ട്ടില്‍ വാരിയെല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് വ്യക്തമായി. എന്നിട്ടും ഇത് ഒരു കൊലപാതകമാണെന്ന് സംശയിക്കാന്‍ തക്ക കാരണമില്ലായിരുന്നു.
കാരണം വലിയ തോതില്‍ മദ്യപിച്ച് നില്‍ക്കുന്ന ബിനുവിനെ കണ്ടതായി നാട്ടുകാര്‍ തന്നെ മൊഴി നല്‍കിയിരുന്നു. വീണ് പരിക്കേറ്റതാവാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പോലും അപ്പോഴും സംശയിച്ചിരുന്നത്.
എന്നാല്‍ കേസന്വേഷിക്കുന്ന ചിറയിന്‍കീഴ് പൊലീസ് അതുകൊണ്ടൊന്നും വിട്ടില്ല, റൂറല്‍ ഷാഡോ പൊലീസിന്റെ സഹായത്തോടെ അരിച്ചു പെറുക്കിയുള്ള അന്വേഷണം തന്നെ അവര്‍ തുടങ്ങി. ഈ അന്വേഷണം ചെന്നെത്തിയത് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലാണ്.
സ്ഥലവാസിയല്ലാത്ത, ഷര്‍ട്ടിടാത്ത ഒരാള്‍ ബിനുവിനെ അസഭ്യം പറഞ്ഞിരുന്നതായി പ്രദേശവാസി അന്വേഷണ സംഘത്തെ അറിയിച്ചതും കേസില്‍ വഴിത്തിരിവായി. തുടര്‍ന്ന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അവിടെ താമസിച്ചിരുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയതായി മനസിലായി. ലോഡ്ജിലെ റജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസമാണ് അയാള്‍ കൊടുത്തിരുന്നത്. കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രമാണ് ഇതില്‍ നിന്ന് ലഭിച്ചത്. നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലെ അക്കങ്ങള്‍ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസങ്ങള്‍ ശേഖരിച്ചു.
നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മന്‍സിലില്‍ നിജയെ ചിറയിന്‍കീഴ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം വ്യക്തമായത്. ബാറില്‍നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചിരുന്നത്.
നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. ഈ വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പും ഇയാള്‍ സമാനമായ രീതിയില്‍ മറ്റൊരു കുറ്റം ചെയ്തിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
ചിറയിന്‍കീഴ് സബ് ഇന്‍സ്പെക്ടര്‍ എസ്.നിയാസ്, ഷാഡോ എസ്ഐ സിജു.കെ.എല്‍.നായര്‍, എഎസ്ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാര്‍, റിയാസ്, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് നിജയെ അറസ്റ്റു ചെയ്ത് കേരള പോലീസിന് അഭിമാനമായിരിക്കുന്നത്.