‘രാഹുലിനെതിരെ എം.വി. ​ഗോവിന്ദൻ നടത്തിയ പ്രസ്താവന ക്രൂരം, അം​ഗീകരിക്കാനാവില്ല’; ഷാഫി പറമ്പിൽ

തിരുവനന്തപുരം : പാർട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചത് ഡമ്മിയെ ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ആ സ്ഥാനത്ത് ഇരുന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.വി. ​ഗോവിന്ദൻ നടത്തിയ പ്രസ്താവന അം​ഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണ്. ഒരാളുടെ അസുഖത്തെക്കുറിച്ച് രാഷ്ട്രീയമായി ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് അദ്ദേഹത്തിൽ നിന്ന്‌ ഉണ്ടായത്. പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ട്, ഷാഫി കൂട്ടിച്ചേര്‍ത്തു.

സമരങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം രാഹുലിന് ഇടതുഭാഗവുമായി ബന്ധപ്പെട്ട് ചെറിയ ക്ഷീണം അനുഭവപ്പെടുന്നുവെന്ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്‌ട്രോക്കിന്റെ ആരംഭത്തിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് അഡ്മിറ്റ് ആകണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നുവെന്നും ഷാഫി ചൂണ്ടിക്കാട്ടി.

Top