വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ‘പോരാളികൾ’ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോരാളികൾ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത്‌കോൺഗ്രസ് നേതാക്കളായ മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

‘ പ്രിയപ്പെട്ടവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോരാളികൾക്ക് അഭിവാദ്യങ്ങൾ. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളക്കേസിനെതിരായ നിയമ പോരാട്ടവും സമരങ്ങളെ അടിച്ചമർത്തുന്ന അധികാര ഗർവ്വിനെതിരായ രാഷ്ട്രീയ പോരാട്ടവും തുടരും.’ – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികൾ അറിയിച്ചു.

Top