തിരുവനന്തപുരം: അണികൾ ജയിലിൽ ഉള്ളപ്പോൾ നേതാക്കൾ ഖത്തറിൽ ലോകകപ്പ് കാണാൻ പോയെന്ന ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഫുട്ബോൾ കാണാൻ പോയതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തെഴുതി എന്നത് അറിയില്ലെന്നും ഒരാൾ ഇല്ല എന്ന് കരുതി നിന്ന് പോകുന്ന പ്രസ്ഥാനമല്ല യൂത്ത് കോൺഗ്രസെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഫുട്ബോൾ കാണാൻ ആഗ്രഹിച്ചു, ഖത്തറില്‍ പോയി കണ്ടു എന്ന് ഷാഫി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന് എന്തൊക്കെയാണ് നിർവചനമെന്ന് അറിയില്ല. ലോകകപ്പ് കാണാൻ പോയത് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് എന്നും ഷാഫി വ്യക്തമാക്കി.
ഫുട്ബോൾ കാണുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും അടുത്തായിരുന്നത് കൊണ്ടാണ് കാണാൻ പോയതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അർജന്റീന ഫൈനലിൽ എത്തിയാൽ ഖത്തറിൽ പോയി കളി കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞ ഷാഫി, ആറാം തീയതി കോർപ്പറേഷൻ വിഷയത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പ്രവാഹമായിരുന്നു. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. സര്‍ക്കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്റ് ഖത്തറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.