ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിൽ ആദ്യമെന്ന് ഷാഫി പറമ്പിൽ

കൊച്ചി : കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു. നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ എസ് യു പ്രവർത്തകയായ മിവ ജോളിയെ പുരുഷ പൊലീസ് കോളറിൽ കുത്തിപ്പിടിച്ചതും പോടീ എന്ന് വിളിച്ചതും വിവാദമായിരുന്നു. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മിവ ജോളി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. എന്നാൽ മിവ ജോളിയ്ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രവർത്തകർ ആലുവ – മൂന്നാർ റോഡിൽ കുറുപ്പംപടി ജങ്ഷൻ ഉപരോധിച്ചു.

പൊലീസ് നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കി. മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്തത് അംഗീകരിക്കാനാവില്ല. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകും. ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകളാണ്. ഇതിനെ രാഷട്രീയമായും നിയമപരമായും നേരിടുമെന്നും ഷിയാസ് പറഞ്ഞു.

Top