മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്ന് ഷാഫി പറമ്പില്‍

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ അംഗങ്ങളുടെ സിപിഎം ബന്ധത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നില്‍ക്കുന്ന ആളുടെ സഹോദരന്‍ ക്വട്ടേഷന്‍ സംഘത്തലവനാണെന്ന് കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആരോപിച്ചു.

പ്രാദേശികമായി പാര്‍ട്ടി സ്വര്‍ണ്ണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും സ്വതന്ത്ര അന്വേഷണം നടക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സിപിഐഎം. ഭരണം ദുരുപയോഗം ചെയ്യുന്നു. സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പോഷക സംഘടനയായിട്ടാണ് കാണുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

സിപിഐഎം അറിഞ്ഞു വളര്‍ത്തിയ സംഘമാണ് കടത്തിന് പിന്നിലുള്ളത്. ക്വട്ടേഷന്‍ നേതാക്കളായ കൊടി സുനിയും ഷാഫിയുമൊക്കെ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ഉണ്ടെങ്കില്‍ ഇനി ഒരന്വേഷണവും ഉണ്ടാകില്ല. പ്രതികളുടെ പരോളുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. കസ്റ്റംസ് അന്വേഷണത്തിന് പുറത്ത് മറ്റ് ഏജന്‍സികളും അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Top