കോഴിക്കോട്: കെ റെയില്‍ സമരം കയ്യൂക്ക് കൊണ്ട് നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ബംഗാളില്‍ ഇതേ രീതിയിലാണ് ഭരണമുണ്ടായപ്പോള്‍ സമരങ്ങളെ നേരിട്ടത്. സമരം നടത്തിയവരെ ഗുണ്ടകള്‍ എന്ന് വിളിക്കുന്നത് എന്ത് സംസ്‌കാരമാണ്. സമര രീതി കൊലക്കേസ് പ്രതിയായ ജയരാജനില്‍ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ല എന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
പാന്റിട്ട് സമരം ചെയ്താല്‍ അത് ഗുണ്ടായിസമാണെന്നാണ് സി പി എം പറയുന്നത്. ഗുണ്ടകളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവര്‍ പുറത്തും മര്‍ദ്ദനമേറ്റവര്‍ ജയിലിലും എന്നതാണ് സ്ഥിതി. ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏല്‍പ്പിക്കുന്നതാണ് ഉചിതം.
ഒരു പദ്ധതിയുടെ ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെങ്കിലും വേണം. മൂന്ന് മാസം കൊണ്ട് എല്ലാം തട്ടിക്കൂട്ടാന്‍ നടത്തിയ ശ്രമത്തെയാണ് എതിര്‍ത്തത്. സമരം നടക്കുമ്പോള്‍ പൊലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാ പ്രമുഖര്‍ അക്രമിക്കുന്നതിനെ എന്ത് പേരിലാണ് വിളിക്കേണ്ടത്.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പ്രശോഭ് മൊറാഴ, കല്യാശ്ശേരി, ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡണ്ടുമാര്‍, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ തുടങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.