നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നാട്ടു ചന്ത നടത്തി സമാഹരിച്ച തുക കവളപ്പാറയിലെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കവളപ്പാറ പ്രളയദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള പ്രക്ഷോഭം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
പുനരധിവാസത്തിനായി റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പിരിച്ച പണത്തിന്റെ കണക്കും നല്‍കിയ സഹായവും പുറത്തുവിടണം. ദുരന്തബാധിതരുടെ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടം അനുവദിക്കില്ലെന്നും വ്യക്തമാക്കി. നിയമസഭയില്‍ ഈ പ്രശ്നം ഉയര്‍ത്തുകയും കോവിഡ് പ്രോട്ടോകോളില്‍ ഇളവുവരുന്ന മുറക്ക് സെക്രട്ടറിയറ്റ് പടിക്കല്‍ സമരം നടത്തുമെന്നും ഷാഫി പറഞ്ഞു.
സംസാരിക്കുകയായിരുന്നു. ആടിനെ വിറ്റ് സൈനബയടക്കമുള്ളവര്‍ നല്‍കിയ ഫ്രളയ ഫണ്ടാണ് പ്രളയബാധിതര്‍ക്ക് നല്‍കാതെ സി.പി.എം നേതാക്കള്‍ തട്ടിയെടുക്കുന്നതെന്നും ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിന് കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് മരണപ്പെട്ടത്. 44 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
11 പേരുടെ മൃതദേഹം പോലും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമാവുമ്പോഴും 17 കുടുംബങ്ങളിലായി നൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ബാക്കിയുള്ളവര്‍ വാടകവീടുകളിലേക്ക് മാറുകയായിരുന്നു. വാടക നല്‍കാന്‍പോലും കഴിയാത്ത ദുരിതത്തിലാണിവര്‍. ദുരന്തമേഖലയില്‍ നിന്നും 96 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നാണ് ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തിയ കൃഷിയില്‍ വിളവെടുത്തതടക്കമുള്ള പച്ചക്കറികള്‍ നൂറു രൂപയുടെ കിറ്റുകളാക്കി നാട്ടുചന്തയിലൂടെ വിറ്റഴിച്ചാണ് പണം സമാഹരിച്ചത്. പത്തു ദിവസം ഏഴു പഞ്ചായത്തുകളില്‍ നാട്ടുചന്ത നടത്തി സമാഹരിച്ച 1,32,000 രൂപയാണ് 62 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തത്.
ചടങ്ങില്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്റ് ഷാജി പാച്ചീരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, സി.ആര്‍ പ്രകാശ് പ്രസംഗിച്ചു.