വിമാനത്താവളത്തിൽ കരുതൽ തടങ്കലിലാക്കിയ കശ്മീരി നേതാവ് ഷാ ഫൈസൽ കോടതിയിലേക്ക്

ന്യൂ​ഡ​ല്‍​ഹി : കരുതല്‍ തടങ്കലില്‍ ആക്കിയത് ചോദ്യം ചെയ്ത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷാ ഫൈസല്‍ ഡ​ല്‍​ഹി ഹൈക്കോടതിയെ സമീപിച്ചു.

ഷാ ഫൈസലിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ കേട്ട ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.

അക്കാദമിക്ക് ആവശ്യങ്ങള്‍ക്കായി ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാനായി ഡ​ല്‍​ഹി വിമാനത്താവളത്തിലെത്തിയതായിരുന്നു ഷാ ഫൈസല്‍. എന്നാല്‍ അവിടെ വച്ച് അദ്ദേഹത്തെ തടങ്കലില്‍ എടുക്കുകയും നിയമവിരുദ്ധമായി ജമ്മു കശ്മീരിലേക്ക് തിരികെ അയയ്ക്കുകയുമായിരുന്നെന്ന് ഷാ ഫൈസല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്‌ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഷാ ഫൈസലിന്റെ പ്രതികരണമാണ് കരുതല്‍ തടങ്കലിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീര്‍ സ്വദേശിയാണ് ഷാ ഫൈസല്‍. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസല്‍, ഈ വര്‍ഷം ജനുവരിയില്‍, കശ്മീരിലെ കൊലപാതകങ്ങളിലും മനുഷ്യാവകാശ ധ്വംസനങ്ങളിലും പ്രതിഷേധിച്ച് ജോലി രാജി വച്ചിരുന്നു.

Top