ഷാരൂഖ് ഖാന്‍ സുന്ദരനല്ല, അഭിനയിക്കാനറിയില്ല; പാക് നടിയുടെ പരാമര്‍ശത്തിനെതിരെ ആരാധകരോഷം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിമര്‍ശവുമായി അമേരിക്കന്‍ വംശജയായ പാക് നടി മഹ്നൂര്‍ ബലോച്ച്. താരം സുന്ദരനല്ലെന്നും അഭിനയിക്കാനറിയില്ലെന്നുമായിരുന്നു നടി പറഞ്ഞത്. ഷാരൂഖ് നല്ലൊരു ബിസിനസുകാരനാണെന്നും എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യണമെന്ന് അറിയാമെന്നും മഹ്നോര്‍ കൂട്ടിച്ചേര്‍ത്തു.

‘ഷാറൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാന്‍ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല പേഴ്‌സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ -മഹ്നൂര്‍ ചൂണ്ടിക്കാട്ടി.

പാക് നടിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ കിങ് ഖാന്റെ ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘എന്തു വിഡ്ഢിത്തമാണിവര്‍ പുലമ്പുന്നത്…ഷാറൂഖ് അനിതരസാധാരണമായ കഴിവുകളുള്ള നടനാണ്. ഇതിഹാസമാണദ്ദേഹം’ -ഒരു ആരാധകന്‍ പ്രതികരിച്ചു. ‘നിങ്ങള്‍ക്കുതെറ്റി. ഭാവചക്രവര്‍ത്തിയാണ് ഷാറൂഖ്. അദ്ദേഹത്തിന്റെ കണ്ണുകള്‍ വരെ സംസാരിക്കും. നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷേ, നിങ്ങള്‍ പറഞ്ഞതില്‍ ഒരു കഴമ്പുമില്ല’-മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

Top