ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കണമെന്ന് ഡല്‍ഹി പൊലീസ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പൊലീസ് ഇങ്ങനൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 50ലധികം ആളുകള്‍ ഒത്തുകൂടരുതെന്ന ഡല്‍ഹി സര്‍ക്കാറിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിനായി സമരവുമായി ബന്ധപ്പെട്ട വളന്റിയര്‍മാരുമായും പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുമായും ചൊവ്വാഴ്ച പൊലീസ് ചര്‍ച്ച നടത്തി. എന്നാല്‍, വൈറസ് ബാധ തടയാനുള്ള മുന്‍കരുതല്‍ സീകരിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്. 40 മുതല്‍ 44 വരെ സ്ത്രീകള്‍മാത്രം ഒരുസമയം സമരപ്പന്തലിലുണ്ടാവും. ഇവര്‍ക്ക് മാസ്‌കും കൈ ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വളന്റിയര്‍മാര്‍ വ്യക്തമാക്കി.