സമരത്തില്‍ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കരുത്; 12 കാരിയുടെ കത്തില്‍ നടപടി

ന്യൂഡല്‍ഹി: കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 12 വയസ്സുകാരി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ധീരതക്കുളള പുരസ്‌കാരം നേടിയ 12 വയസുകാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഷഹീന്‍ ബാഗില്‍ തുടരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് 12 വയസ്സുകാരി കത്തയച്ചത്. ഈ കേസ് ഈ മാസം പത്തിന് പരിഗണിക്കും.

അതിശൈത്യം മൂലമുള്ള കഫക്കെട്ടിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചാണ് കുഞ്ഞ് മരിച്ചത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാരില്‍ ഒരാളായിരുന്ന നാസിയ എന്ന യുവതിയുടെ മകന്‍ മുഹമ്മദ് ജഹാന്‍ എന്ന കുഞ്ഞാണ് 30 ന് മരിച്ചത്. വീട്ടില്‍ കുഞ്ഞിനെ വിശ്വസിച്ചേല്‍പ്പിച്ചു പോരാന്‍ പറ്റിയ ആരും തന്നെ ഇല്ലാതിരുന്നതുകൊണ്ടാണ് നാസിയ അവനെയും പന്തലിലേക്ക് കൂട്ടിയത് എന്നായിരുന്നു വിശദീകരണം.

Top