ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

മസ്‌കത്ത്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ഞായറാഴ്ച രാത്രി തീരംതൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

തെക്ക്, വടക്ക് ബാത്തിനാ ഗവര്‍ണറേറ്റുകളില്‍ ഇപ്പോഴും മഴ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന – സുവെഖ് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു.

സുവൈഖ് വിലായാത്തില്‍ വാദിയില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തിയതായി ഒമാന്‍ ദുരന്ത നിവാരണ സേന തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇതുവരെ പുറത്ത് വിട്ടിരിക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മരണങ്ങളാണ് ഷഹീന്‍ ചുഴലിക്കാറ്റുമൂലം ഒമാനില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്ത് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top