മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി പാകിസ്താന്‍ ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ചൊവ്വാഴ്ച ന്യൂസിലന്‍ഡിനെതിരെ തോറ്റതിന് പിന്നാലെയാണ്, ആസ്‌ട്രേലിയക്കെതിരായി നടക്കുന്ന അടുത്ത മത്സരം തന്റെ അവസാനത്തേതായിരിക്കുമെന്ന് അഫ്രീദി പറഞ്ഞത്. കിവീസിനെതിരായ മത്സരത്തിന് ശേഷമുള്ള പ്രസന്റേഷന്‍ സെറിമണിയിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോറ്റതോടെയാണ് അഫ്രിദിക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നത്. ലോകകപ്പോടെ അഫ്രീദി പാക് ടീമിന്റെ നായകസ്ഥാനം രാജിവെക്കണമെന്നും അല്ലെങ്കില്‍ അഫ്രീദിയുടെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് അഫ്രീദി പറഞ്ഞിരുന്നെന്നും ഷഹരിയാര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
പാക് മാധ്യമങ്ങളടക്കമുള്ളവരുടെ വിമര്‍ശത്തിന് പുറമെ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ കൂടി തള്ളിപ്പറഞ്ഞതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അഫ്രീദി. കിവീസിനെതിരായ മത്സരത്തില്‍ പാകിസ്താന്‍ തോല്‍വിയിലേക്ക് അടുക്കുമ്പോള്‍ പാക് നായകന്റെ മുഖത്ത് ഈ സമ്മര്‍ദ്ദം കാണാന്‍ സാധിക്കുമായിരുന്നു.