ലാഹോര്‍: പാകിസ്ഥാന്‍ ടീം ഏകദിന പരമ്പര നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലിനായി പരമ്പരയ്ക്കിടെ താരങ്ങളെ വിട്ടയച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയാണ് അഫ്രീദിയെ ചൊടിപ്പിച്ചത്.
നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 28 റണ്‍സിന് തോറ്റ് പരമ്പര കൈവിട്ടപ്പോള്‍ സൂപ്പര്‍താരങ്ങളായ ക്വിന്റണ്‍ ഡികോക്കും കാഗിസോ റബാഡയും ആന്റിച്ച് നോര്‍ജെയും ടീമിലുണ്ടായിരുന്നില്ല. മൂവരും ഐപിഎല്ലിനായി ഇതിനകം ഇന്ത്യയിലേക്ക് പറന്നിരുന്നു.
‘ഒരു പരമ്പരയുടെ മധ്യത്തില്‍ വച്ച് ഐപിഎല്ലിനായി യാത്ര ചെയ്യാന്‍ താരങ്ങളെ ക്രിക്കറ്റ് സൗത്താഫ്രിക്ക അനുവദിച്ചത് അമ്പരപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് നിരാശയുണ്ടാക്കുന്നു. ഇക്കാര്യത്തില്‍ ചില പുനപ്പരിശോധനകള്‍ ഉണ്ടാവണം’ എന്നുമായിരുന്നു അഫ്രീദിയുടെ ട്വിറ്റ്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്നതില്‍ നിര്‍ണായകമായ ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു പാക് മുന്‍ മുന്‍താരം.
നായകന്‍ ബാബര്‍ അസമിന്റെ സെഞ്ചുറിയില്‍ ആദ്യ ഏകദിനം പാകിസ്ഥാന്‍ മൂന്ന് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഫഖര്‍ സമാന്റെ 193 റണ്‍സിനിടെയും 17 റണ്ണിന്റെ തോല്‍വി വഴങ്ങി. എന്നാല്‍ മൂന്നാം ഏകദിനത്തിലും ഫഖര്‍ ശതകം നേടിയപ്പോള്‍ 28 റണ്‍സിന്റെ ജയവുമായി പാകിസ്ഥാന്‍ 2-1ന് പരമ്പര നേടുകയായിരുന്നു. ഇരു ടീമുകളും തമ്മില്‍ നാല് ടി20കള്‍ കൂടി കളിക്കാനുണ്ട്.