മകള്‍ ഹിന്ദു ആചാരപ്രകാരമുള്ള ‘ആരതി’ അനുകരിച്ചത് കണ്ട് വീട്ടിലെ ടിവി അടിച്ചുതകര്‍ത്തതായി വ്യക്തമാക്കുന്ന മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. ഇന്ത്യന്‍ സീരിയല്‍ കണ്ടാണ് മകള്‍ ആരതി ചെയ്തതെന്ന് അഫ്രിദി വീഡിയോയില്‍ പറയുന്നു. ഇന്ത്യക്കെതിരെയും, മതസ്വാതന്ത്ര്യത്തെയും കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന അഫ്രിദിയുടെ സ്വന്തം വാക്കുകള്‍ താരത്തിന് തിരിച്ചടിയായി മാറുകയാണ്.
ഒരു ടിവി അഭിമുഖത്തിലാണ് വീട്ടില്‍ എപ്പോഴെങ്കിലും ടിവി അടിച്ചുതകര്‍ത്തിട്ടുണ്ടോയെന്ന് അവതാരക അഫ്രിദിയോട് ചോദിക്കുന്നത്. ‘ഒരു വട്ടമാണ് ടിവി അടിച്ചുതകര്‍ത്തത്. സ്റ്റാര്‍ പ്ലസിലെയും മറ്റും സീരിയലുകള്‍ വലിയ ജനപ്രിയമായിരുന്നു ആ സമയത്ത്. കുട്ടികള്‍ക്കൊപ്പം ഇരുന്ന് സീരിയല്‍ കാണരുതെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. ഒരിക്കല്‍ സ്റ്റാര്‍ പ്ലസ് ഷോ കണ്ട് കുട്ടികള്‍ ‘ആരതി’ ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ടിവി ചുമരില്‍ അടിച്ച് തകര്‍ത്തത് അന്നാണ്’, അഫ്രിദി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ആചാരങ്ങളെ അപമാനിക്കുന്ന അഫ്രിദിയെന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പാക് ക്രിക്കറ്റ് ടീമില്‍ മതത്തിന്റെ പേരില്‍ വിവേചനങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയിബ് അക്തര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഫ്രിദിയെ കുത്തി വീഡിയോ പുറത്തുവന്നത്. ഹിന്ദു വിശ്വാസി ആയത് കൊണ്ട് സ്പിന്നര്‍ ഡാനിഷ് കനേരിയയെ ടീമില്‍ എടുക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് അക്തര്‍ ആരോപിച്ചത്.
ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും ഇതിന് പകരം അപമാനമാണ് സഹതാരങ്ങള്‍ കനേരിയയ്ക്ക് നേരിട്ടതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് അക്തര്‍ പിന്നീട് വിശദീകരിച്ചത്.