കൊച്ചി: ഡോക്ടറേറ്റ് വിവാദത്തില്‍ പുതിയ ന്യായീകരണവുമായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ഷാഹിദയുടെ വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ ലോകായുക്തയില്‍ നല്‍കിയ വിശദീകരണത്തിലാണ് വനിതാ കമ്മീഷന്‍ അംഗം വിചിത്രമായ പല വാദങ്ങളും ഉയര്‍ത്തുന്നത്.
കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്. സാമൂഹിക രംഗത്ത് താന്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.
തന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനില്‍ ഷാഹിദാ കമാല്‍ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത വച്ചതില്‍ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ രേഖ. എന്നാല്‍ 2016ല്‍ അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നുമാണ് താന്‍ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.
വനിതാകമ്മിഷന്‍ അംഗമാകാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നല്‍കിയത്. ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്.