ഷഹല ഷെറിന്റെ മരണം; വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയില്ല, ബിജെപി പ്രതിഷേധം

തൃശ്ശൂര്‍: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ബിജെപിയുടെ മാര്‍ച്ച്.വിദ്യാഭ്യാസ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തുന്നത്. പുതുക്കാട് നിന്നാണ് ജാഥ ആരംഭിച്ചത്.

എന്നാല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയില്ലെന്നാരോപിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

ഇന്ന് യുവമോര്‍ച്ച കേരള വര്‍മ കോളജിന് സമീപമുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ ജന്മനാട്ടില്‍ തന്നെയാണ് ബിജെപി വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം, വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ഡിഡിഇ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തും. സ്‌കൂളിനു മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്.

Top