പിഎഫ്‌ഐ നിരോധനം; പ്രധാനമന്ത്രി പ്രീണനരാഷ്ട്രീയത്തെ അടിച്ചമർത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജയ്പുർ: പ്രധാനമന്ത്രിയുടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നിരോധനം ഇന്ത്യയിലുടനീളം പ്രീണനരാഷ്ട്രീയത്തെ അടിച്ചമർത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബുധനാഴ്ച രാജസ്ഥാനിലെ മക്രാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ ഭരണകക്ഷിയായ കോൺഗ്രസിനേയും, മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിനേയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ഗഹ്‌ലോത്തിന്റെ പ്രീണനനയം നിരവധി യുവാക്കളുടെ കൊലപാതകത്തിനിടയാക്കിയതായും അമിത് ഷാ ആരോപിച്ചു.

“രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ പ്രധാനമന്ത്രി പ്രീണനരാഷ്ട്രീയനയത്തെ അടിച്ചമർത്തി. ഝാലാവാറിൽ കൃഷ്ണ വാൽമീകി മർദനത്തിനിരയായി കൊല്ലപ്പെട്ടു. അൽവറിൽ 300 കൊല്ലം പഴക്കമുള്ള ശിവക്ഷേത്രം തകർക്കപ്പെട്ടു. സാലാസറിൽ റാം ദർബാർ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു. ഗഹ്‌ലോത് സാഹിബ്, രാജസ്ഥാനിലെ ജനങ്ങൾ താങ്കൾക്കൊപ്പമല്ല. കാരണം, ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ പോപ്പുലർ ഫ്രണ്ടിനെ താങ്കൾ പുനർജീവിപ്പിക്കുമെന്ന് അവർക്കറിയാം കനയ്യലാൽ തേലിയെ ശിരച്ഛേദം ചെയ്തുകൊന്നു. കോൺഗ്രസിന്റെ ഭരണത്തിൽകീഴിൽ കാലാകാലങ്ങളായി കലാപങ്ങൾ നടക്കുന്നു. കനയ്യയെപ്പോലുള്ള യുവാക്കൾ കൊല്ലപ്പെട്ടത് അശോക് ഗഹ്‌ലോത്തിന്റെ പ്രീണനനയം മൂലമാണ്”, ഷാ പറഞ്ഞു.

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ദിനംപ്രതി 22 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ അതൊന്നും ഗഹ്‌ലോത്തിനെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചോദ്യപേപ്പർ ചോർച്ചയിൽ സംസ്ഥാനസർക്കാർ പുതിയ ലോകറെക്കോഡ് സൃഷ്ടിച്ചതായും ഷാ കുറ്റപ്പെടുത്തി.

രാജ്യത്ത് ഏറ്റവുമധികം പവർകട്ട് നേരിടുന്നത് രാജസ്ഥാനാണെന്നും ഷാ പറഞ്ഞു. ഗഹ്‌ലോത്തിനെ കോൺഗ്രസ് നേതാക്കൾ മാന്ത്രികനെന്നാണ് വിളിക്കുന്നതെന്നും മായാജാലം കാണിച്ച് ഗഹ്‌ലോത് രാജസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയെന്നും ഷാ പരിഹസിച്ചു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സംസ്ഥാൻ സർക്കാർ പരാജയപ്പെട്ടതായും ഷാ കുറ്റപ്പെടുത്തി. 22,000 കോടി രൂപയാണ് കുടിവെള്ളപദ്ധതിക്കായി ചെലവിട്ടതെന്നും എന്നാൽ ജനങ്ങളുടെ ഭവനങ്ങളിൽ വെള്ളമെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തുന്ന പക്ഷം രണ്ടര കൊല്ലത്തിനുള്ളിൽ രാജസ്ഥാനിലെ ഓരോ വീടുകളിലും വെള്ളമെത്തുമെത്തിക്കുമെന്നും അവകാശപ്പെട്ടു.

Top