2023 ലെ ഇന്ത്യന്‍ സിനിമയെ ഷാരൂഖ് ഖാന്‍ വര്‍ഷമായി അടയാളപ്പെടുത്താം. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ കരിയറില്‍ എടുത്ത ഇടവേളയ്ക്ക് ശേഷം മൂന്ന് ചിത്രങ്ങളാണ് ഒരേ വര്‍ഷം അദ്ദേഹത്തിന്റേതായി പ്രദര്‍ശനത്തിനെത്തിയത്. ജനുവരിയില്‍ പഠാനും സെപ്റ്റംബറില്‍ ജവാനും ഡിസംബറില്‍ ഡങ്കിയും. ഇതില്‍ ആദ്യത്തേത് രണ്ടും മാസ് ചിത്രങ്ങളായിരുന്നെങ്കിലും മൂന്നാമത്തേത് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ കൈയൊപ്പുള്ള ചിത്രമായിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളും 1000 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തപ്പോള്‍ ഡങ്കിക്ക് എത്രത്തോളം നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഏത് തരത്തിലുള്ള ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം തന്നെയാണ്. ഇപ്പോഴിതാ ഡങ്കിയിലൂടെ ഷാരൂഖ് ഖാന്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്‌സ് ഓഫീസ് വിജയമായിരിക്കുകയാണ് ഡങ്കി. നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 436.40 കോടിയാണ്. 10 വര്‍ഷം മുന്‍പ് ഇറങ്ങിയ ചെന്നൈ എക്‌സ്പ്രസിനെ മറികടന്നാണ് ഡങ്കി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 424.54 കോടി ആയിരുന്നു 2013 ല്‍ പുറത്തിറങ്ങിയ ചെന്നൈ എക്‌സ്പ്രസിന്റെ ലൈഫ് ടൈം കളക്ഷന്‍. അതേസമയം ഒരേ വര്‍ഷം കരിയറിലെ ഏറ്റവും വലിയ മൂന്ന് വിജയങ്ങള്‍ നേടുകയെന്ന അപൂര്‍വ്വതയാണ് ഷാരൂഖ് ഖാനെ തേടി എത്തിയിരിക്കുന്നത്. 2023 ലെ അദ്ദേഹത്തിന്റെ മൂന്ന് റിലീസുകളും ചേര്‍ന്ന് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 2600 കോടി രൂപയില്‍ ഏറെയാണ്. ഏത് താരവും കൊതിക്കുന്ന നേട്ടം. അതേസമയം 2024 ല്‍ ഷാരൂഖ് ഖാന്‍ പുതിയ റിലീസുകള്‍ ഒന്നുമില്ല എന്നതും ശ്രദ്ധേയമാണ്.