ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; ഷൈജ ആണ്ടവന് ജാമ്യം

കുന്നമംഗലം: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ജാമ്യം. കോഴിക്കോട് കുന്നമംഗലം കോടതിയാണ് ജാമ്യം നല്‍കിയത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമെന്നാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റ്.

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചതില്‍ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോള്‍ കമന്റ് പിന്‍വലിക്കുകയായിരുന്നു. കുന്നമംഗലം പൊലീസ് നേരത്തെ ഷൈജ ആണ്ടവന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കലാപ ആഹ്വാനത്തിന് ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യല്‍. കമന്റിട്ടത് താന്‍ തന്നെയെന്ന് ഷൈജ ആണ്ടവന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം.

Top